പാലാ: പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കാനാകില്ല എന്ന് എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു. കേരളാ കോൺഗ്രസ്സ് എം ജോസ് കെ മാണി വിഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് പാലാ നിയമസഭാ സീറ്റ് ചർച്ചകളിൽ ഇടം നേടിയത്. എൽ ഡി എഫിൽ എത്തിയതോടെ പാലാ സീറ്റ് കേരളാ കോൺഗ്രസ്സ് എമ്മിന് ഒരു കാരണവശാലും വിട്ടുകൊടുക്കാനാകില്ലെന്നു മാണി സി കാപ്പൻ പറഞ്ഞു. ഇതുസംബന്ധിച്ച് എൻ സി പി യോഗവും തീരുമാനം കൈക്കൊണ്ടിരുന്നു. തുടർന്ന് പാലാ സെറ്റ് വിട്ടുകൊടുക്കാനാകില്ല എന്ന നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നാളെ ചേരുന്ന എൽ ഡി എഫ് യോഗത്തിലും പാലാ സീറ്റ് സംബന്ധിച്ച നിലപാട് വ്യക്തമാകുമെന്നും മാണി സി കാപ്പൻ പറഞ്ഞു. ഇടത് പക്ഷത്തിന്റെ ശക്തനായ സാരഥിയായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.