തിരുവനന്തപുരം: കോട്ടയം ഉൾപ്പടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന യൂണിറ്റുകൾ സജ്ജമാക്കിയാതായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ പറഞ്ഞു. നേത്രരോഗ പരിശോധന യൂണിറ്റുകളായ നയനപഥം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കെ കെ ഷൈലജ ടീച്ചർ നിര്‍വഹിച്ചു. ഓരോ വാഹനത്തിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 20 ലക്ഷം രൂപ വീതം ആകെ 2.8 കോടി രൂപയാണ് ചെലവഴിച്ചത്. ഓരോ മേഖലകളിലെയും ഉൾപ്രദേശങ്ങളിൽ നേത്രപരിശോധന ലഭ്യമാക്കുവാന്‍ ഉദ്ദേശിച്ചാണ് നയനപഥം പദ്ധതി ആരംഭിച്ചത് എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
വിദഗ്ധ ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് പരിശോധന സമയത്ത് തന്നെ ആവശ്യമായ മരുന്നും ചികിത്സയും നല്‍കുകയും തുടര്‍ ചികിത്സ ആവശ്യമുള്ളവരെ റഫറല്‍ കേന്ദ്രങ്ങളിലേക്ക് വാഹനത്തില്‍ എത്തിക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സൗജന്യ നേത്ര പരിശോധന, സ്‌കൂള്‍ കുട്ടികളുടെ നേത്രപരിശോധന, നേത്രപരിശോധന കേന്ദ്രത്തില്‍ നിന്നും ചികിത്സക്കായി അടുത്തുള്ള റഫറല്‍ കേന്ദ്രങ്ങളിലേക്ക് രോഗികളെ കൊണ്ടുപോവുക, നേത്രപടലാന്ധത, ഗ്ലോക്കോമ, തുടങ്ങിയ രോഗ പരിശോധന സൗകര്യങ്ങള്‍ നല്‍കുക, നേത്രരോഗ ബോധവത്ക്കരണം എന്നിവയും ഇതിലൂടെ സാധ്യമാകും.
ഓരോ ജില്ലയിലുമുള്ള നേത്രരോഗ വിദഗ്ധര്‍ അടങ്ങുന്ന മൊബൈല്‍ ടീം അംഗങ്ങളാണ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പ്രദേശങ്ങളില്‍ നേത്രരോഗ നിര്‍ണയ ക്യാമ്പുകള്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ആദിവാസി മേഖല, തീരപ്രദേശം, അതിഥി തൊഴിലാളികള്‍, ദുര്‍ഘടപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് സാധാരണ ജനങ്ങളുടെ നേത്ര സംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസമാകുവാന്‍ ഈ പദ്ധതിക്ക് സാധ്യമാകുന്നതാണ് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.