തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാക്‌സിനേഷന്‍ 28ന് പൂര്‍ത്തിയാകും;ജില്ലാ കളക്ടർ.


കോട്ടയം: തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള  കോവിഡ് വാക്‌സിന്‍ വിതരണം ഫെബ്രുവരി 28ന് പൂര്‍ത്തിയാകും. മാര്‍ച്ച് ആദ്യ വാരം മുതല്‍ അറുപതു വയസിനു മുകളിലുള്ളവര്‍ക്ക്  പ്രതിരോധ മരുന്ന് നല്‍കേണ്ടതിനാല്‍ ഉദ്യോഗസ്ഥര്‍ നിലവില്‍ അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന്  ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

സര്‍ക്കാര്‍ വകുപ്പുകള്‍, എയ്ഡഡ് കോളേജുകള്‍, സ്‌കൂളുകള്‍, എം.ജി. സര്‍വ്വകലാശാല, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. ഓഫീസുകളില്‍നിന്ന് തിരഞ്ഞെടുപ്പ് വിഭാഗം ശേഖരിച്ച പട്ടികയിലുള്ള ജീവനക്കാരെ രജിസ്റ്റര്‍ ചെയ്ത് എസ്.എം.എസ് സന്ദേശം അയച്ചിട്ടുണ്ട്. സന്ദേശം ലഭിച്ചവര്‍ ആധാര്‍ കാര്‍ഡുമായി നിശ്ചിത കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കണം.

രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്ക് മറ്റു ജില്ലകളില്‍ ഉള്‍പ്പെടെ സൗകര്യപ്രദമായ കേന്ദ്രങ്ങളില്‍നിന്നും വാക്‌സിന്‍ സ്വീകരിക്കാം. രജിസ്റ്റര്‍ ചെയ്തതായി സന്ദേശം ലഭിച്ചവര്‍ക്ക് വാക്‌സിനേഷന്‍ സ്ഥലവും സമയവും അറിയിച്ചുകൊണ്ടുള്ള രണ്ടാമത്തെ സന്ദേശം ലഭിച്ചിട്ടില്ലെങ്കിലും വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാല്‍ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കും. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ ഫെബ്രുവരി 28 ഞായറാഴ്ച്ച ഉള്‍പ്പെടെ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കും.