കോട്ടയം: കോട്ടയത്ത് ബസ്സിനടിയിൽപ്പെട്ടു ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. പെരുമ്പാവൂർ കാലടി കൊപ്രക്കാട്ട് ജോയി കെ.ആർ (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ കോട്ടയം കുമളി റോഡിൽ മാധവൻപടിയിലാണ് അപകടം ഉണ്ടായത്.
വടവാതൂരിലെ റബ്ബർ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന ജോയി സഞ്ചരിച്ചിരുന്ന ബൈക്ക് മാധവൻപടിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം എതിരെ വന്ന കോട്ടയം-മണർകാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന അൻസു ബസ്സിനടിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു എന്നാണു ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.
ബസ്സിനടിയിലേക്ക് വീണ മധ്യവയസ്‌ക്കന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.