മഹാത്മഗാന്ധി സര്‍വ്വകലാശാലയിലെ ഓണ്‍ലൈന്‍ എക്‌സാമിനേഷന്‍ റൂം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.


മഹാത്മഗാന്ധി സര്‍വ്വകലാശാലയിലെ ഓണ്‍ലൈന്‍ എക്‌സാമിനേഷന്‍ റൂം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ചടങ്ങിൽ സംബന്ധിച്ച്. അത്യാധുനിക സാങ്കേതിക വിദ്യ വിദ്യഭ്യാസത്തിനായി ഉപയോഗിക്കുന്ന സംരഭത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് അഭിമാനര്‍ഹമാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

 

 മഹാത്മ ഗാന്ധി സര്‍വ്വകാലാശാല ഇന്ന് ലോകത്തേറ്റവും ശ്രദ്ധേയമായ സര്‍വ്വകലാശാലയായി മാറി കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം വൈജ്ഞാനിക സമൂഹത്തില്‍ പുത്തന്‍ കാഴ്ചപ്പാടോടെ വലിയ രീതിയില്‍ മുന്നേറുകയാണ്. ഇത്തവണ ബജറ്റ് ഏറ്റവും അധികം ഊന്നല്‍ നല്‍കിയത് ഉന്നത വിദ്യാഭ്യാസ രംഗത്താണ് എന്നും മന്ത്രി പറഞ്ഞു. ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ് ഈ രംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗം കൂടിയാണ് ഡിജിറ്റല്‍ ക്ലാസ് റൂമുകളും എന്ന് ചടങ്ങിൽ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. നാനോ ടെക്നോളജി രംഗത്ത് വൈസ് ചാന്‍സിലര്‍ മികച്ച നേട്ടമുണ്ടാക്കി മുന്നോട്ട് പോകുന്നു. ഈ രംഗത്ത് വിദഗ്ദ്ധനായ വൈസ് ചാന്‍സിലര്‍ക്ക് ലഭിച്ചത് നിരവധി പുരസ്‌കാരങ്ങളാണ്. പ്രോ വൈസ് ചാന്‍സിലറും ഗവേഷണ രംഗത്ത് മികച്ച നേട്ടമുണ്ടാക്കുന്നത് അഭിമാനിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. സര്‍വ്വകലാശാലകളിലെ ഗവേഷണം നാടിന്റെ പുരോഗതിക്ക് എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്നതിന് ഉദാഹരണം കൂടിയാണ് മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധി സർവ്വകലാശാലയിലെ  ഇൻക്യുബേഷൻ സെന്ററും കരിയർ ഹബ്ബും ഓൺലൈൻ എക്സാമിനേഷൻ സെന്ററും അക്കാദമിക് ലോകത്തിന് സമർപ്പിച്ചത്. റൂസ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഏഴര കോടി രൂപ ചെലവിട്ട് രൂപീകരിച്ച എം ജി സർവ്വകലാശാലാ ഇന്നൊവേഷൻ ഫൗണ്ടേഷൻ എന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനു കീഴിലാണ് ഇൻക്യുബേഷൻ സെന്റർ പൂർത്തിയായിരിക്കുന്നത്. നവീന സംരംഭകത്വ ആശയങ്ങൾ മികച്ച വാണിജ്യ ഉത്പന്നങ്ങളായി മാറ്റുന്നതിനെ പിന്തുണക്കാനാണ്  ഭൗതിക-അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സംരംഭകത്വ ഇൻക്യുബേഷൻ  ഒരുക്കിയിരിക്കുന്നത് എന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. സാങ്കേതിക സംവിധാനങ്ങളുടെയും ഇൻക്യൂബേറ്ററുകളുടെയും പിന്തുണ, സംരംഭകർക്ക്  മാർഗനിർദേശം നൽകുന്ന വിദഗ്ദ്ധരുടെ പിന്തുണ, ബിസിനസ് ആസൂത്രണ പിന്തുണ, സംരംഭകത്വ പരിശീലന പരിപാടികൾ, വ്യവസായ പങ്കാളിത്ത പദ്ധതികൾ, തുടങ്ങിയവ സെന്ററിന്റെ പ്രത്യേകതകളാണ്. മികച്ച ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സൗകര്യങ്ങൾ, ഇൻക്യുബേറ്ററുകൾ, ലാബുകൾ, കോ-വർക്കിംഗ് സ്പേസ്, അനുബന്ധ സൗകര്യങ്ങൾ മുതലായവയാണ്  ഒരുക്കിയിരിക്കുന്നത്. നിശ്ചിത എണ്ണം സീറ്റുകൾ സ്റ്റാർട്ടപ്പുകൾക്ക് അനുവദിക്കുന്ന കോ വർക്കിംഗ് സ്പേസ് അഥവാ വർക്ക് റൂം -  ഈ മേഖലയിലുള്ള സംരംഭകർക്ക് സൗകര്യമൊരുക്കും. സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേറ്റഡ് കമ്പനികൾ ആയി മാറാനുള്ള സാങ്കേതിക സൗകര്യങ്ങളും എം ജി ഒരുക്കിയിരിക്കുകയാണ്. പുറത്തുള്ള സ്റ്റാർട്ടപ്പുകൾക്കും ഈ ഇൻക്യുബേഷൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ടെക്നോളജി ബിസിനസ്സ് ഇൻക്യുബേഷൻ സംവിധാനത്തിൽ ഹൈ പെർഫോമൻസ് കമ്പ്യൂട്ടിങ് ഇൻക്യുബേറ്റർ, മൊബൈൽ ആന്റ് വെബ് ആപ്പ് ഫാക്ടറി, ഡിജിറ്റൽ ലേണിംഗ് ആൻഡ് കണ്ടന്റ് ക്രിയേഷൻ സ്റ്റുഡിയോ, നാനോ ടെക്നോളജി ഇൻക്യുബേറ്റർ ആൻഡ് പൈലറ്റ് പ്ലാന്റുകൾ, ഡ്രൈ ആൻഡ് വെറ്റ് അനലിറ്റിക്കൽ ലാബുകൾ തുടങ്ങിയവ ഇവിടെയുണ്ട്. മൊബൈൽ വെബ് ആപ്പ് ഡവലപ്മെന്റ്, ആർടിഫിഷ്യൽ ഇന്റലിജൻസ്, ആക്സിലറേറ്റഡ് മൊബൈൽ പേജുകൾ, മോഷൻ യു ഐ, ബ്ലോക്ക് ചെയിൻ ടെക്നോളജി, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്ക് പൊതുസൗകര്യങ്ങളോടെയാണ് സംവിധാനം. പൂർണ്ണ ഓൺലൈൻ ഡിഗ്രി കോഴ്സ് വിദ്യാർത്ഥികൾക്ക് മികച്ച കമ്പ്യൂട്ടിങ് സോഫ്റ്റ് വെയർ സപ്പോർട്ടും സാങ്കേതിക സഹായവും റിമോട്ട് ആക്സസിലൂടെ നൽകും. സയന്റിഫിക് കോർ ക്ലൗഡ് കംപ്യൂട്ടിംഗ് സൗകര്യങ്ങളും ഒപ്പം സജ്ജമാണ്. ഡിജിറ്റൽ ലേണിംഗ് ആൻഡ് കണ്ടന്റ് ക്രിയേഷൻ സ്റ്റുഡിയോയിൽ സാങ്കേതിക വിദ്യാധിഷ്ഠിതമായ അധ്യാപനവും പഠനവും  പ്രോത്സാഹിപ്പിക്കുന്ന വിപുലമായ സൗകര്യങ്ങളുണ്ട്. നാനോ ടെക്നോളജി ഇൻക്യുബേറ്റർ - നാനോ സെല്ലുലോസ് ഗവേഷണത്തിനും മൈക്രോ സെല്ലുലോസ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള പൈലറ്റ് പ്ലാന്റിനും അവസരമൊരുക്കുന്നു. വിദ്യാർത്ഥികൾക്ക് കംപ്യൂട്ടറധിഷ്ഠിത പരീക്ഷയെഴുതാവുന്നതാണ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ച ഓൺലൈൻ എക്സാമിനേഷൻ സെൻ്റർ. 1.1 കോടി രൂപ ചെലവിലാണിത് തയ്യാറായിരിക്കുന്നത്. ഒരേസമയം നൂറു വിദ്യാർഥികൾക്ക് ഇതിൽ പരീക്ഷയെഴുതാൻ കഴിയും. 200 പേർക്കുകൂടി പരീക്ഷയെഴുതാവുന്ന വിധത്തിൽ  കേന്ദ്രത്തിന്റെ അടുത്തഘട്ട വികസനം ഉടൻ സാധ്യമാക്കും.