കോട്ടയം: കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025ന് തുടക്കമായി. തിരുനക്കര മൈതാനത്ത് സഹകരണ-തുറമുഖം-ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിര്വഹിച്ചു.
ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര് എട്ടു വരെ വിവിധ വേദികളില് മത്സരങ്ങളും തിരുനക്കര മൈതാനത്ത് കലാപരിപാടികളും നടക്കും. സെപ്റ്റംബർ നാലു മുതൽ ഏഴു വരെ ദിവസങ്ങളിൽ വൈകുന്നേരം യഥാക്രമം വൈക്കം മാളവികയുടെ നാടകം 'ജീവിതത്തിന് ഒരു ആമുഖം, കോട്ടയം മഴവിൽ മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള, ഇടുക്കി കനൽ നാടൻ കലാസംഘം അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരവും, പ്രോജക്ട് ജി.എസ്. ബാൻഡിന്റെ സംഗീതപരിപാടി എന്നിവ അരങ്ങേറും. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും വിവിധ ദിവസങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ എട്ടിന് സമാപനച്ചടങ്ങിനു മുന്നോടിയായി വൈകുന്നേരം നാലിന് പോലീസ് പരേഡ് ഗ്രൗണ്ടിൽനിന്നു തിരുനക്കര മൈതാനത്തേക്കു സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. 5.30ന് തിരുനക്കര മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ദേശീയ ചലച്ചിത്ര പുരസ്കാരജേതാവ് നടൻ വിജയരാഘവനെ ചടങ്ങിൽ ആദരിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും.