തിരുവനന്തപുരം: ആർദ്രം മിഷന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ 17 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. ആർദ്രം മിഷന്റെ ഭാഗമായി ഈ പ്രാമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോൾ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയരുന്നതാണ്. ഇതോടെ സംസ്ഥാനത്ത് എല്ലായിടത്തും തൊട്ടടുത്ത സ്ഥലത്ത് പ്രാഥമിക തലത്തിൽ തന്നെ മികച്ച ചികിത്സ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തിൽ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചത്. അതിൽ 461 കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവർത്തനമാരംഭിച്ചു. ബാക്കിയുള്ളവ എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. ഇതു കൂടാതെയാണ് ആർദ്രം മിഷന്റെ മൂന്നാംഘട്ടത്തിൽ ബാക്കിയുള്ള 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതിന്റെ ഗുണഫലം ഈ കോവിഡ് കാലത്ത് കേരളം ഏറെ അനുഭവിക്കുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്ക് നമുക്ക് പിടിച്ച് നിർത്താൻ കഴിഞ്ഞത് നമ്മുടെ ശക്തമായ ആരോഗ്യ അടിത്തറയാണ്. സാധാരണക്കാരന് വീട്ടിന് തൊട്ടടുത്ത് ഏറ്റവും നല്ല പ്രാഥമിക ചികിത്സ ഉറപ്പാക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ. രാജ്യത്തെ തന്നെ ആദ്യത്തെ 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നമ്മൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാണെന്നത് നമുക്ക് അഭിമാനത്തോടെ പറയാനാകും എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.