ചങ്ങനാശ്ശേരി: അപകടങ്ങൾ തുടർക്കഥയായ മാറിയ മേഖലയാണ് ചങ്ങനാശ്ശേരി വാഴൂർ റോഡിലെ കുരിശ്ശുംമൂട് വലിയകുളം ഭാഗം. കഴിഞ്ഞ ദിവസം രാത്രിയിൽ വലിയകുളത്തുണ്ടായ അപകടത്തിൽ 3 ജീവനുകളാണ് പൊലിഞ്ഞത്. സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജെറിൻ ജോണി കുട്ടമ്പേരൂർ(19), ജിന്റോ ജോസ് പുതുച്ചിറ(37), ജിന്റോ ജോസിന്റെ ഭാര്യാ പിതാവ് ജോസ് വർഗീസ്(69) കുറിഞ്ഞിപ്പറമ്പിൽ ഇത്തിത്താനം എന്നിവരാണ് മരിച്ചത്. 

    ഈ മേഖലയിൽ സ്ഥിരമായി അപകടങ്ങൾ സംഭവിച്ചിട്ടും നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും അധികാരികളുടെ ഭാഗത്തു നിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വ്യാപാരികളും നാട്ടുകാരും ആരോപിക്കുന്നു. റോഡിന്റെ വശത്തെ അപകടകരമായ കട്ടിങ് എപ്പോഴും ഇരുചക്രവാഹന യാത്രികർക്ക് ഭീഷണിയാണെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയിൽ ചില മേഖലകളിൽ മാത്രമാണ് ലൈറ്റുകൾ ഉള്ളതെന്നും മേഖലയിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലെന്നും നാട്ടുകാർ പറഞ്ഞു. 

    ചങ്ങനാശ്ശേരി വലിയകുളം പാതയിൽ  കഴിഞ്ഞ രണ്ടു വർഷത്തിനിടെ പൊലിഞ്ഞത് ഇരുപതിലധികം ജീവനുകളാണ്. പോലീസ് പരിശോധനകൾ ശക്തമാക്കുകയോ ചങ്ങനാശ്ശേരി കേന്ദ്രമാക്കി ട്രാഫിക്ക് പോലീസ് സ്റ്റേഷൻ സ്ഥാപിക്കുകയോ വേണമെന്നും ആവശ്യമുയരുന്നുണ്ട്. രാത്രി സമയങ്ങളിൽ ഈ മേഖലകളിൽ പരിശോധനകൾ കുറവാണെന്നും വാഹനങ്ങൾ അമിത വേഗമെടുക്കുന്നതായും നാട്ടുകാർ ആരോപിച്ചു. 

ചിത്രം:പ്രസാദ്.