കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ ലംഘിച്ചതിന് ഇതുവരെ 6108 പേർക്കെതിരെ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കിയിട്ടുണ്ട്. സെക്റ്റർ ഓഫീസർമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന മേഖലകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ മാസ്ക് ധരിക്കാത്തവർക്കെതിരെയും മാസ്ക് ശരിയായ വിധത്തിൽ ധരിക്കാത്തവർക്കെതിരെയുമായി 4316 പേർക്ക് ഇതുവരെ പിഴ ഈടാക്കി. നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ച വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കാതിരിക്കുക, സന്ദർശക രജിസ്റ്റർ സൂക്ഷിക്കാതിരിക്കുക, പൊതു സ്ഥലത്ത് കൂട്ടം കൂടിയവർക്കെതിരെയും നടപടി സ്വീകരിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന് 33 കേസുകളും ക്വാറന്റയിൻ ലംഘിച്ചതിന് 8 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.