കോട്ടയം: മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്‌ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടു എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, ഹവാല, ലൈഫ് മിഷന്‍ ഇടപാടുകളിലെ രാഷ്ട്രീയബന്ധം വൈകാതെ പുറത്തുവരും. അതോടെ സര്‍ക്കാരിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമാകും എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാ സര്‍ക്കാരുകളുടെയും കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേസില്‍പ്പെടുകയും അവര്‍ക്ക് എതിരെ നടപടി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി അദ്ദേഹത്തിന്റെ ഓഫീസിന്റെ പൂര്‍ണ്ണ ചുമതല വഹിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അത്യന്തം ഗുരുതരമായ കേസില്‍പ്പെടുന്നതു കേരളത്തില്‍ ആദ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഹവാല ഇടപാടിനും സ്വര്‍ണ്ണക്കടത്തിനും സര്‍ക്കാരിന്റെ സംരക്ഷണം ലഭിച്ചു. പാവപ്പെട്ടവരുടെ വീട് നിര്‍മ്മിച്ചതിലും പ്രളയബാധിതരുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലും വരെ കമ്മീഷന്‍ അടിച്ചു. ഇടപാടുകളിലെ ഭീകരബന്ധം അന്വേഷണത്തിലാണ് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.