കോട്ടയം: കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയാൽ ആരും ഒന്ന് വിസ്മയത്തോടെ നോക്കി നിന്നുപോകുന്ന ഒരു കാഴ്ച്ചയുണ്ട്. അംഗവൈകല്യങ്ങളെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ചു ജീവിതത്തിൽ വിജയം നേടിയ ഡോ.മനോജ് കുര്യനാണ് ഈ വിസ്മയത്തിന്റെ കേന്ദ്ര ബിന്ദു. രോഗികളെ പരിചരിക്കാൻ വീൽചെയറിലും നിലത്തിറങ്ങി കൈ കുത്തിയും ഓടിനടന്നും അരികിലേക്കെത്തുന്ന ഡോ.മനോജ് സ്വന്തം കുടുംബാംഗത്തിനോട് എന്നപോലെ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന എല്ലാവരോടും വിശദമായി എല്ലാം ചോദിച്ചറിയാറുണ്ട്. തന്റെ രോഗികളെ കുറിച്ച് വിശദമായി ഡോക്ടർ മനോജ് പറയുമ്പോൾ കൗതുകത്തിനൊപ്പം തന്റെ ആത്മവിശ്വാസവും വർധിക്കുമെന്ന് കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സിജി വർഗീസും പറയുന്നു.
ജന്മനാ ഇരുകാലുകളിലുമുള്ള വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് തോൽപ്പിച്ച ഡോക്ടറുടെ ചുറുചുറുക്കും ആത്മവിശ്വാസവും ആരോഗ്യ പ്രവർത്തകരിലും ആത്മവിശ്വാസമുണർത്തുന്നു എന്ന് സഹപ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. ഇരുകാലുകളും ജൻമനാ സംഭവിച്ച വൈകല്യങ്ങളെ മറികടന്നാണ് കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിയായ മനോജ് കുര്യൻ(27) കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും 2020 ൽ ഹൗസ് സർജൻസി പൂർത്തിയാക്കിയത്. തുടർന്ന് കൂടല്ലൂരിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിയമിതനായ ഇദ്ദേഹം വീൽചെയറിലാണ് രോഗികളുടെ അടുത്തെത്തുന്നതും ചികിത്സ നൽകുന്നതും. ഇവിടെ എത്തുന്ന രോഗികൾക്കും ഡോക്ടറുടെ ഈ വിജയം ഒരു വലിയ മോട്ടിവേഷൻ തന്നെയാണ്. നിസ്സാര കാര്യങ്ങളിൽപ്പോലും തളർന്നു പോകുന്ന നിരവധിപ്പേരാണ് നമുക്ക് ചുറ്റുമുള്ളത്. ജീവിതത്തിൽ നിശ്ചയദാർഢ്യം കൊണ്ട് നേടിയെടുക്കാനാവാത്ത ഒന്നുമില്ല എന്ന് ഡോക്ടറുടെ ഈ വിജയം സാക്ഷ്യപ്പെടുത്തുന്നു.
ജന്മനാ ഇരുകാലുകളിലുമുണ്ടായിരുന്ന വൈകല്യങ്ങൾ മാറ്റുന്നതിനായി നിരവധി ചികിത്സകൾ നടത്തിയെങ്കിലും വീൽചെയർ എന്നും സന്തത സഹചാരിയായി കൂടെ കൂടിയിരുന്നു. തന്റെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണകൊണ്ട് മാത്രമാണ് ജീവിതത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചതെന്നു ഡോ.മനോജ് പറയുന്നു. സ്‌കൂൾ വിദ്യാഭ്യാസ കാലത്തും പിന്നീട് എം ബി ബി എസ് പഠന കാലത്തും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ് ഇപ്പോൾ ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചതെന്ന് ഡോക്ടർ പറഞ്ഞു. ഡ്രൈവിങ് പഠിച്ചു സ്വന്തമായി കാറോടിച്ചാണ് ഡോക്ടർ ആശുപത്രിയിൽ എത്തുന്നത്. മറ്റുള്ളവർക്ക് പ്രചോദനം പകർന്നു നൽകാൻ മോട്ടിവേഷൻ ക്ലാസ്സുകളും ഡോക്ടർ എടുക്കാറുണ്ട്. കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള മറ്റു ഹെൽത്ത് സെന്ററുകളിലും ഡോക്ടർ സേവനം ചെയ്യുന്നുണ്ട്. രോഗികൾക്കും ഒപ്പം വൈകല്യം സംഭവിച്ചവർക്കും എപ്പോഴും എന്ത് സഹായത്തിനും ഡോക്ടർ മുന്നിൽത്തന്നെയുണ്ട്. ഡോക്ടറുടെ ഈ ജീവിത വിജയം ഒരു വലിയ മോട്ടിവേഷൻ തന്നെയാണ്.