പാലായ്ക്കും ഒപ്പം മീനച്ചിലാറിനും കൂടുതൽ തിളക്കം സമ്മാനിച്ചു മീനച്ചിൽ റിവർവ്യൂ പാർക്കും ഗ്രീൻ ടൂറിസം കോംപ്ലെക്സും. പാലാ നഗര ഹൃദയത്തിൽ പാലാ പഴയ ബസ് സ്റ്റാൻ്റിൻ്റെ എതിർ വശത്ത് മീനച്ചിലാറിനോട് ചേർന്നുള്ള ഗ്രീൻ ടൂറിസം കോംപ്ലെക്സാണ് പ്രധാന ആകർഷണം. ഇവിടേയ്ക്കുള്ള പാലം നിർമ്മിച്ചിരിക്കുന്നത് പ്രശസ്തമായ ലണ്ടൻ ബ്രിഡ്ജിൻ്റെ മാതൃകയിലാണ്.
പാരീസിലെ ലവ്റെ മ്യൂസിയത്തിൻ്റെ ആകൃതിയിലുള്ള ഗ്ലാസ് റൂഫോടു കൂടിയ ഭൂഗർഭ നിർമ്മിതിയും ഇവിടെയുണ്ട്. തുറന്ന ലഘുഭക്ഷണശാല, ഓപ്പൺ കോൺഫ്രൻസ് ഏരിയ, റിവർവ്യൂയിംഗ് പ്ലാറ്റ്ഫോം, വൈദ്യുത ദീപാലങ്കാരം തുടങ്ങിയവയും പദ്ധതിയെ ആകർഷകമാക്കുന്നു.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കും സായാഹ്നം ചിലവൊഴിക്കാൻ സാധിക്കും വിധമാണ് ഈ വിശ്രമസങ്കേതം നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിൽ വകുപ്പ് നിർമ്മിക്കുന്ന ആദ്യ സംരംഭം കൂടിയാണ് പാലായിലെ പദ്ധതി.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും കോർത്തിണക്കി സർക്യൂട്ടു മാതൃകയിൽ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീൻ ടൂറിസം സർക്യൂട്ട് പദ്ധതി. പാലാ പ്രവേശന കവാടമായി വിഭാവനം ചെയ്തുകൊണ്ടാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ചിത്രങ്ങൾ: രമേശ് കിടങ്ങൂർ.