പാലാ: പാലായ്ക്കും ഒപ്പം മീനച്ചിലാറിനും കൂടുതൽ തിളക്കം സമ്മാനിച്ചു മീനച്ചിൽ റിവർവ്യൂ പാർക്കും ഗ്രീൻ ടൂറിസം കോംപ്ലെക്സും ഉൾപ്പെടുന്ന ഗ്രീൻ ടൂറിസം സർക്യൂട്ട് മുഖ്യമന്തി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉത്‌ഘാടനം നിർവ്വഹിച്ചത്. സംസ്ഥാനത്ത് ഇന്ന് 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവ്വഹിച്ചത്. മുന്നണി പിണക്കങ്ങൾ മറന്നു നേതാക്കൾ പരസ്പ്പരം അഭിനന്ദിക്കുന്ന വേദികൂടിയായി മാറി.
ഇന്ന് രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി ഉത്‌ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം പി തോമസ് ചാഴികാടൻ, ജോസ് കെ മാണി, എംഎൽഎ മാണി സി കാപ്പൻ, മുനിസിപ്പൽ ചെയർപേഴ്സൺ മേരി ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു. എംഎൽഎ മാണി സി കാപ്പൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. പാലായെ സംസ്ഥാനത്തെ തന്നെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി വളർത്തിയെടുക്കാനുള്ള പരിശ്രമത്തിൽ ഒരു മികച്ച ചുവടുവെപ്പായിരിക്കും ഈ പദ്ധതി എന്ന് ഉൽഘാടന വേളയിൽ ജോസ് കെ മാണി പറഞ്ഞു.
പാലായുടെ ഹൃദയ ഭാഗത്ത് പൂര്‍ത്തിയാവുന്ന ഈ കോംപ്ലെക്സിലെ പ്രധാന ആകർഷണങ്ങൾ ഗ്ലാസ്സ് റൂഫോട് കൂടിയ ഭൂഗര്‍ഭ അറ, നടപ്പാലം, മിനി പാര്‍ക്ക്, റിവർ വ്യൂവിങ് പ്ലാറ്റ്‌ഫോം,ഓപ്പൺ കോൺഫറൻസ് ഏരിയ തുടങ്ങിയവയാണ്. ഇവിടേയ്ക്കുള്ള പാലം നിർമ്മിച്ചിരിക്കുന്നത് പ്രശസ്തമായ ലണ്ടൻ ബ്രിഡ്ജിൻ്റെ മാതൃകയിലാണ്. പാരീസിലെ ലവ്റെ മ്യൂസിയത്തിൻ്റെ ആകൃതിയിലുള്ള ഗ്ലാസ് റൂഫോടു കൂടിയ ഭൂഗർഭ നിർമ്മിതിയും ഇവിടെയുണ്ട്.
പദ്ധതിയുടെ പണികൾ ഇടയ്ക്കു തടസ്സപ്പെട്ടിരുന്നു. പണികൾ പൂർത്തീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.