പഴമയിൽ പണികഴിപ്പിച്ച ഒരു കിടിലൻ വീടുണ്ട് നമ്മുടെ മീനച്ചിലാറിന്റെ തീരത്ത്. കോട്ടയം ആർപ്പൂക്കരയിൽ മീനച്ചിലാറിന്റെ തീരത്ത് പഴമയുടെ പ്രൗഢി നിലനിർത്തി ചെലവ് കുറഞ്ഞ രീതിയിൽ പഴമയുടെ സൗന്ദര്യം ചോരാതെ പുതുക്കി പണിത കടത്തുകടവ് എന്ന സ്വപ്ന സുന്ദര ഭവനം. മീനച്ചിലാറിന്റെ തീരത്തായതിനാൽ തന്നെ കഴിഞ്ഞ വർഷങ്ങളിലെ പ്രളയം ഇവരുടെ വീട്ടിൽ വിരുന്നെത്തിയിരുന്നു. ഇതേത്തുടർന്നാണ് നന്ദുവിന്റെ കുടുംബം വീട് പുതുക്കി പണിയാൻ തീരുമാനിച്ചത്.
വീട് പുതുക്കി പണിയുമ്പോൾ ഒരു തീരുമാനം മാത്രമായിരുന്നു ഇവർക്കുണ്ടായിരുന്നത്. തങ്ങളുടെ ജീവിതത്തിനു നിറം പകർത്തിയ സ്വപ്ന സുന്ദരമായ ഓർമ്മകൾ താങ്ങി നിൽക്കുന്ന ഈ വീടിന്റെ പഴമ ഒട്ടും ചോരാതെ വേണം വീട് പുതുക്കി പണിയാൻ,ഒപ്പം കുറഞ്ഞ ചെലവിലും. ഇപ്പോൾ മീനച്ചിലാറിന്റെ തീരത്തെ ഈ വീട് ആരെയും മോഹിപ്പിക്കുന്നതാണ്. പഴമ നിലനിർത്തി വീടിനാവശ്യമായ ആധിനിക സജ്ജീകരണങ്ങളും നന്ദു വീടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. 15 ലക്ഷമാണ് വീടിനായി ചെലവായത്.
വിദേശത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലെത്തിയ ശേഷമാണ് വീടിന്റെ നിർമാണം ആരംഭിച്ചത്. 6 മാസം കൊണ്ട് വീടിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കിയതായി നന്ദു പറഞ്ഞു. കഴിഞ്ഞ 2 വർഷവും വിരുന്നെത്തിയ വെള്ളപ്പൊക്കത്തിനെ അതിജീവിക്കാനായി രണ്ടു മീറ്ററോളം വീടിന്റെ തറ പൊക്കിയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്.