തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്സ് (എം) നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയായി പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി ജോസ് കെ മാണി കൂടിക്കാഴ്ച്ച നടത്തി. കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ എല്‍.ഡി.എഫ് പ്രവേശനത്തോടെ കേരള രാഷ്ട്രീയത്തില്‍ മാറ്റങ്ങൾ ഉണ്ടാകുമെന്നു ജോസ് കെ മാണി പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകാന്‍ പോകുന്ന ദിശാമാറ്റത്തെപ്പറ്റിയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയാതായി ജോസ് കെ മാണി പറഞ്ഞു. കേരളാ കോൺഗ്രസ്സ് എം നെ ഉൾപ്പെടുത്തിയുള്ള എൽ ഡി എഫ് യോഗം ഉടനെയുണ്ടാകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു.
റബര്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക മേഖല നേരിടുന്ന വിവിധങ്ങളായ വിഷയങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തിയതായും അതോടൊപ്പം സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ 2016 മുതല്‍ ജോലി ചെയ്യുന്ന നിരവധി അധ്യാപകരുടെ നിയമന അംഗീകാരവിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുഭാവപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും ജോസ് കെ മാണി പറഞ്ഞു.