പാലാ: പാലാ രൂപതയുടെ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി കരിങ്ങോഴയ്ക്കൽ കുടുംബവും. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് വീടുകളിൽ മീൻ വളർത്തൽ പദ്ധതിയായ നമുക്കും മീൻ വളർത്താം മൽസ്യഗ്രാമം പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉത്‌ഘാടനം ജോസ് കെ മാണിയുടെ വീട്ടിൽ നിർമ്മിച്ച കുളത്തിൽ പാലാ രൂപതാ അധ്യക്ഷൻ മാർ ജേക്കബ് മുരിക്കൻ മീനുകളെ കുളത്തിൽ നിക്ഷേപിച്ചുകൊണ്ടു നിർവ്വഹിച്ചു. വീടിനു പിന്നിലായി മോഴൂർ മോഡലിൽ നിർമ്മിച്ച കുളത്തിൽ 250 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇവയിൽ 100 എണ്ണവും വളർച്ചയെത്തുമ്പോൾ പാലാ മരിയസദന് കൈമാറുമെന്ന് കുടുംബാംഗമായ നിഷ ജോസ് കെ മാണി പറഞ്ഞു. കുടുംബാംഗങ്ങൾ എല്ലാവരും ഒത്തു ചേർന്നാണ് ഈ പദ്ധതിയിൽ ഭാഗമാകുന്നത് എന്ന് ജോസ് കെ മാണി പറഞ്ഞു. പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേൽ, റവ. ഫാ. നരിതൂക്കിൽ, കോർഡിനേറ്റർ ശ്രീ ഡാന്റിസ് കൂനാനിക്കൽ, ശാലോം പാസ്റ്ററൽ സെന്റർ കോർഡിനേറ്റർ ജോർജ് എന്നിവർ സംബന്ധിച്ചു.