ആർ എസ് എസ് നേതാക്കളുമായി താൻ ചർച്ച നടത്തി എന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നത് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തനിക്കെതിരായ തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ക്ഷേത്രത്തിൽ പോകുന്നവരെല്ലാം ആർ എസ് എസ് കാരാണോ? അതാണോ സി പി എം നിലപാട് എന്നുള്ളത് വ്യക്തമാക്കണം. ആർ എസ് എസ് നേതാക്കളുമായി താൻ ചർച്ച നടത്തി എന്ന് കോടിയേരി ബാലകൃഷ്ണൻ പറയുകയുണ്ടായി. കുറച്ചെങ്കിലും രാഷ്ട്രീയ മാന്യതയും ഉണ്ടെങ്കിൽ ആരുമായാണ് ഞാൻ ചർച്ച നടത്തിയത് എന്ന് വ്യക്തമാക്കണം എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അമ്പലത്തിൽ പോകുന്നത് ആർ എസ് എസ് കാരെ കാണാനാണോ എന്നും എങ്ങനെയും ആർ എസ് എസ് നെ കേരളത്തിൽ മുഖ്യധാരയിൽ എത്തിക്കുവാനുള്ള ശ്രമമാണ് സി പി എം ഇവിടെ നടത്തുന്നത് എന്നും തിരുവഞ്ചൂർ പറഞ്ഞു.
കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തന്റെ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം. കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുവാൻ എത്തുകയും, പ്രശസ്തരായ കലാകാരൻമാർ പങ്കെടുക്കുന്ന കലാ പരിപാടികളാലും, ക്ഷേത്രാചാരങ്ങളാലും നവരാത്രി ദിനം ഇവിടെ ഉത്സവ സമാനമായാണ് ആഘോഷിച്ചു വരുന്നത് എന്നും കോട്ടയം എം എൽ എ ആയതിനു മുൻപും ശേഷവും തന്നെ ക്ഷേത്രത്തിലെ പ്രധാന ആഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ക്ഷേത്ര ഭാരവാഹികൾ ക്ഷണിക്കാറുണ്ട്, കൃത്യമായും പങ്കെടുക്കാറുമുണ്ട് എന്നും തിരുവഞ്ചൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നവരാത്രി ഉദ്ഘാടനത്തിനു ശേഷം ക്ഷേത്ര ഭരണസമിതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ അന്നദാനത്തിന്റ ക്രമീകരണങ്ങൾ മനസിലാക്കാൻ പോയത്. കോവിഡ് മഹാമാരി വ്യാപകമാകുന്ന സാഹചര്യത്തിൽ ഭക്തജനങ്ങൾ ഭക്ഷണം കഴിക്കാൻ എത്തുന്ന സ്ഥലത്തെ ക്രമീകണങ്ങൾ നേരിട്ട് മനസിലാക്കുക എന്നത് ജനപ്രതിനിധി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണ് എന്നും തിരുവഞ്ചൂർ പറഞ്ഞു. എന്നോടൊപ്പം ക്ഷേത്ര ഭരണ സമിതി അംഗങ്ങളെ കൂടാതെ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബാബു കുട്ടി ഈപ്പനും, എബിസൻ കെ എബ്രഹാമും ഉണ്ടായിരുന്നു.
23 അംഗങ്ങൾ ഉള്ള പനച്ചിക്കാട് പഞ്ചായത്ത് ഭരിക്കുന്നത് ബി ജെ പി പിന്തുണയോടെ മാർക്സിസ്റ്റ് പാർട്ടിയാണ്. അങ്ങനെയുള്ള സി പി എം ആണ് ഇത്തരത്തിൽ ഒരു വാദവുമായി വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.