കോട്ടയം: കോട്ടയത്ത് കോവിഡ് വ്യാപനത്തിന്റെ ആശങ്കയുയർത്തി സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് ഇന്നും കോട്ടയത്ത്. ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ച 389 പേരിൽ 386 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ. ജില്ലയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടയം ജില്ലയിലാണ് ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഈരാറ്റുപേട്ട, കോട്ടയം, കുമരകം, ചങ്ങനാശേരി, തിരുവാർപ്പ് മേഖലകളിലാണ് ഇന്ന് ജില്ലയിൽ കൂടുതലായി രോഗബാധ സ്ഥിരീകരിച്ചത്. നഗര മേഖലകൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ കോവിഡ് രോഗബാധ കൂടുതലായി ഇപ്പോൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും ഇപ്പോൾ കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആരോഗ്യ പ്രവർത്തകരിലും ജില്ലയിൽ കൂടുതലായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്.