പാലാ: പാലാ നിയമസഭാ സീറ്റ് സംബന്ധിച്ച് ഇപ്പോഴും എൻ സി പിയിൽ ആശങ്ക തുടരുന്നു. കേരളാ കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം എൽ ഡി എഫിൽ എത്തിയതോടെ പാലാ സീറ്റ് സംബന്ധിച്ച തർക്കങ്ങൾ ഉടലെടുത്തത്. പാലാ സീറ്റ് വിട്ടുകൊടുക്കില്ല എന്ന് മാണി സി കാപ്പനും എൻ സി പി നേതൃത്വവും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള പാർട്ടി തീരുമാനം ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗത്തിലും മാണി സി കാപ്പൻ പറയുകയുണ്ടായി. എന്നാൽ പാലാ സീറ്റ് സംബന്ധിച്ച കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പാലാ സീറ്റ് ജയസാധ്യത മുൻനിർത്തിയാണ് തീരുമാനിക്കുന്നത് എന്നും മുഖ്യമന്ത്രി മറ്റൊരവസരത്തിൽ പറഞ്ഞിരുന്നു. ജോസ് കെ മാണി വിഭാഗം എൽ ഡി എഫിൽ എത്തിയതോടെ രാഷ്ട്രീയപരമായി നേട്ടം ഉണ്ടാകുമെന്ന കാഴ്ച്ചപ്പാടിലാണ് എൽ ഡി എഫ്. പാലാ സീറ്റ് സംബന്ധിച്ചുള്ള തീരുമാനം വൈകുന്നതും എൻ സി പിയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇതോടെ മാണി സി കാപ്പൻ എം എൽ എ യും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും യൂ ഡി എഫിലേക്ക് പോയേക്കും എന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകരും.