തിരുവനന്തപുരം: കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഇത്തവണത്തെ ശബരിമല തീർത്ഥാടനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം വരാനിരിക്കുകയാണ്. ദർശനത്തിന് ദിവസം 1000 തീർത്ഥാടകർ എന്ന രീതിയിലാണ് ക്രമീകരിക്കുന്നത് എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവധി ദിനങ്ങളിലും മകരവിളക്ക് ദിനത്തിലും തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കേണ്ടതായി വന്നേക്കാം. അവിടെ വരുന്ന ഗസ്റ്റിന്റെ കാര്യത്തിലും എണ്ണം അധികരിക്കാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആനുപാതികമായിരിക്കണം അവരുടെയും പ്രവേശനം. ഇക്കാര്യം  ബന്ധപ്പെട്ടവർ ഉറപ്പാക്കണം എന്നും അദ്ദേഹം നിർദേശിച്ചു.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമാണ് ദർശനത്തിന് അനുമതി നൽകുക. തീർത്ഥാടകർക്ക്  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതുപോലെ അവിടെ ജോലി  ചെയ്യുന്നവരും നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ശബരിമല തീർത്ഥാടകർ കോവിഡ് രോഗബാധിതരായാൽ  ഇവിടെത്തന്നെ ചികിത്സ സ്വീകരിക്കാൻ തയ്യാറാവുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളും ചികിത്സയും നൽകും. മടങ്ങിപ്പോകുന്നവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കാനും വേണ്ട സംവിധാനങ്ങൾ തയ്യാറാക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.