മണിമല: കുഴികളിൽ നിന്ന് കുഴികളിലേക്കു ദിവസേന ചാടി ചാടിയുള്ള യാത്രയിൽ നടുവൊടിഞ്ഞു മുക്കട പൊന്തൻപുഴ റോഡിലെ യാത്രക്കാർ. മുക്കട മുതൽ പൊന്തൻപുഴ വരെയുള്ള റോഡിന്റെ ഭൂരിഭാഗം മേഖലകളിലും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ചില കുഴികൾ വലിയ ഗർത്തങ്ങൾക്ക് സമാനമാണ്. ഇരുചക്രവാഹനങ്ങളും ഭാരവാഹനങ്ങളുമടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. പുനലൂർ മൂവാറ്റുപുഴ പാതയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്ലാച്ചേരി വഴി പൊന്തൻപുഴയ്ക്ക് പോകേണ്ട വാഹനങ്ങളും ആശ്രയിക്കുന്നത് മുക്കട പൊന്തൻപുഴ റോഡിനെയാണ്. ഇരുചക്ര വാഹന യാത്രികരാണ് കൂടുതലായും ബുദ്ധിമുട്ടുന്നത്. രാത്രിയാകുന്നതോടെ മേഖലയിൽ വെളിച്ചവും കുറവായതിനാൽ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടി അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. വാഹനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന ഈ റോഡ് അറ്റകുറ്റപ്പണികൾ നടത്തി കുഴികൾ അടയ്ക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.