കോഴിക്കോട്: കോവിഡ് രോഗം ഭേദമായവര്‍ക്ക് വീണ്ടും രോഗലക്ഷണങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കും എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. ഇതിനായി ആയുര്‍വേദ വകുപ്പിന്റെ പങ്കാളിത്തത്തോടെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും ഒരുക്കും എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിച്ചതില്‍ കൂടുതലും മറ്റുഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്നവരാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണനിരക്ക് കൂടുവാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ജനസാന്ദ്രതയും ജീവിതശൈലീ രോഗങ്ങളും പ്രായമേറിയവരും കേരളത്തില്‍ കൂടുതലുണ്ടെന്ന കാരണമാണ് ഇതിന് അടിസ്ഥാനമായി പറയുന്നത് എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഗുരുതര രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് വ്യക്തിഗത ശ്രദ്ധവേണം. ഇതിനായി മെഡിക്കല്‍ കോളേജുകളില്‍ ടെലി മെഡിസിൻ സംവിധാനം ഒരുക്കും.
കേരളത്തില്‍ മരണനിരക്ക് കുറവാണ്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്തെ മരണനിരക്ക് പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന്റെ തോത് കേരളത്തില്‍ നവംബര്‍ മാസത്തോടെ കുറയാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.എങ്കിലും രോഗവര്‍ധന ഉണ്ടാവുമെന്ന മുന്‍കരുതലോടുകൂടി തന്നെയാണ് ആരോഗ്യസംവിധാനത്തെ സജ്ജമാക്കി നിര്‍ത്തിയിട്ടുള്ളത് എന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞു. ബ്രേക്ക് ദി ചെയിന്‍കാംപയിനിന്റെ ഭാഗമായി മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങള്‍ ബഹുഭൂരിപക്ഷം ആളുകളും പാലിക്കുന്നത് കൊണ്ടും ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ ഇടപെടല്‍ കൊണ്ടുമാണ് വ്യാപനം കുറയുമെന്ന നിഗമനത്തില്‍ ആരോഗ്യവിദഗ്ധര്‍ എത്തിയിട്ടുള്ളത്.
രോഗത്തെ നിസാരമായി കാണുന്ന പ്രവണത ശരിയല്ല. നിലവിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് രോഗവ്യാപനം ഇത്രത്തോളമെങ്കിലും പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നത് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.