പത്തനംതിട്ട: കോവിഡ് പ്രതിരോധ നിർദേശങ്ങളുടെ ഭാഗമായി തുലാമാസ പൂജകൾക്ക് ഭക്തർക്ക് ശബരിമലയിൽ എത്തി ദർശനം നടത്തുന്നതിനായി ഏർപ്പെടുത്തിയിരുന്ന ക്രമീകരണങ്ങൾ വിജയമെന്ന് ദേവസ്വം ബോർഡ്. കോവിഡ് പേടി മൂലവും ക്രമീകരണങ്ങൾ എങ്ങനെയെന്ന് അറിയാത്തതുമാകാം കൂടുതൽപ്പേർ ദർശനത്തിന് എത്താഞ്ഞത് എന്നാണു ദേവസ്വം ബോർഡിന്റെ നിഗമനം.
അതേസമയം പ്രതിദിനം 250 പേർക്ക് ദർശനത്തിനു അനുമതി നൽകിയിരുന്നെങ്കിലും ശബരിമലയിൽ എത്തിയത് 749 പേർ മാത്രം. കാണിക്കയായി ലഭിച്ചത് വളരെ ചെറിയ തുകമാത്രമാണ്. കോവിഡ് മൂലം ദർശനത്തിന് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ദേവസ്വം ബോർഡിന് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. മുൻകൂട്ടി ബുക്ക് ചെയ്തവരിൽ പലരും ദർശനത്തിന് എത്തിയിരുന്നില്ല.
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം ആരംഭിക്കുന്നതോടെ ഇടദിവസങ്ങളിൽ പ്രതിദിനം 1000 പേർക്കും ശനി,ഞായർ ദിവസങ്ങളിൽ 2000 പേർക്കും ദർശനത്തിന് അനുമതി നൽകാനാണ് നിലവിലെ തീരുമാനം. തുലാമാസ പൂജകൾക്കായി നട തുറന്ന 5 ദിവസങ്ങളിലായി ദർശനത്തിനെത്തിയ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം വിജയകരമാകുമെന്ന നിഗമനത്തിലാണ് ദേവസ്വം ബോർഡ്.