കോട്ടയം: ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടരുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കോടതിയില്‍ പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത് എന്നും ഭൂമി ഏറ്റെടുക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയ തീരുമാനം നിലനില്‍ക്കുന്നതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും കളക്ടർ വ്യക്തമാക്കി. എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായി ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് തീര്‍പ്പാക്കാതെയാണ് ഭൂമി ഏറ്റെടുക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി അയന ചാരിറ്റബിള്‍ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. 2017 ലാണ് സർക്കാർ ശബരിമല വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്.