Sisters succeed in new venture.പുത്തൻ സംരംഭം വിജയിപ്പിച്ച് സഹോദരിമാർ.

പാമ്പാടി: കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗണിൽ തളരാതെ തകരാതെ നിരവധിപ്പേരാണ് പുത്തൻ സാഹചര്യങ്ങളോട് ഒത്തിണങ്ങി പുതിയ പുതിയ സംരംഭങ്ങൾ ആരംഭിച്ചത്. അവയിൽ ചിലതെല്ലാം വിവിധ മാധ്യമങ്ങളിലൂടെ നാമെല്ലാം അറിഞ്ഞതുമാണ്. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു സംരംഭം ആരംഭിച്ചു വിജയിപ്പിച്ചിരിക്കുകയാണ് പാമ്പാടിയിലെ സഹോദരിമാരായ ഇന്ദുവും ലേഖയും. നെറ്റിപ്പട്ട നിർമ്മാണത്തിലൂടെ വിസ്മയ വിജയവും സ്വന്തമാക്കിയിരിക്കുകയാണ് ഇവർ ഇരുവരും. വീട്ടിലെ ജോലിക്ക് ശേഷം കിട്ടുന്ന ഒഴിവു സമയങ്ങൾ മാത്രം ഉപയോഗിച്ച് ഒരു സംരംഭം വിജയിപ്പിച്ചതിന്റെ ത്രില്ലിലാണ് ഇരുവരും. 

    കോട്ടയം പാമ്പാടി ഏഴാം മൈൽ സ്വദേശികളായ ചെറുകുന്നേൽ വീട്ടിൽ ഇരട്ടസഹോദരങ്ങളായ ഗിരീഷും രതീഷുമാണ് ഇന്ദുവിന്റേയും ലേഖയുടെയും ഭർത്താക്കന്മാർ. കുടുംങ്ങങ്ങളുടെ പൂർണ്ണ പിന്തുണയും ഇവരുടെ പുതിയ സംഭരംഭത്തിനുണ്ടെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. വിവാഹ ശേഷം ലേഖയാണ് നെറ്റിപ്പട്ട നിർമ്മാണത്തെ കുറിച്ച് പഠിച്ചത് എന്ന് ഇന്ദു പറയുന്നു. വിദേശത്ത് നഴ്‌സായി ജോലി ചെയ്തിരുന്ന ഇന്ദു അവിടെ നിന്നും ജോലി അവസാനിപ്പിച്ചു നാട്ടിലെത്തിയതായിരുന്നു. തുടർന്ന് കോവിഡ് വ്യാപനം രൂക്ഷവുമായതോടെ ലോക്ക് ഡൗൺ ആയതോടെയാണ് ഈ ആശയം പ്രാവർത്തികമാക്കാൻ ഇരുവരും തയ്യാറെടുത്തത്. തുടർന്ന് ഇന്ദുവും നെറ്റിപ്പട്ടം നിർമ്മിക്കുന്ന രീതികൾ പഠിക്കുകയായിരുന്നു. 

    കൂട്ടുകാർക്കും ബന്ധുക്കൾക്കുമാണ് ആദ്യം നെറ്റിപ്പട്ടം നിർമ്മിച്ചു നൽകിയത്. എല്ലാവരുടെയും പ്രോത്സാഹനം ലഭിച്ചതോടെ ആവശ്യക്കാർക്കെല്ലാം നെറ്റിപ്പട്ടം നിർമ്മിച്ചു നൽകാൻ തുടങ്ങി. 7 ദിവസം വരെ നെറ്റിപ്പട്ടം നിർമ്മിക്കാനായി സമയം വേണ്ടി വരാറുണ്ട്. വിവിധ വലുപ്പത്തിലുള്ള നെറ്റിപ്പട്ടങ്ങൾ ഇവർ നിർമ്മിക്കുന്നുണ്ട്. അഞ്ചര അടി വരെയുള്ള നെറ്റിപ്പട്ടങ്ങൾ നിർമ്മിച്ചിട്ടുള്ളതായി ഇരുവരും പറഞ്ഞു. വീടുകളിലേക്കും സമ്മാനങ്ങൾ നൽകുന്നതിനും നെറ്റിപ്പട്ടം നിരവധിപേർ വാങ്ങാറുണ്ടെന്നു ലേഖ പറയുന്നു. വിപണിയിൽ ലഭിക്കുന്നതിലും മിതമായ വിലയിലാണ് ഇവർ നെറ്റിപ്പട്ടം നിർമ്മിച്ചു നൽകുന്നത്. നെറ്റിപ്പട്ടം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇവരുമായി ബന്ധപ്പെടാവുന്നതാണ്: 8590734903