അയ്മനം: അയ്മനം ഗ്രാമപഞ്ചായത്തിലെ സ്നേഹവീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവ്വഹിച്ചു. അയ്മനത്ത് ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയ ഭൂമിയിൽ 18 കുടുംബങ്ങൾക്ക് റോട്ടറി ഡിസ്ട്രിക്ട് നിർമിച്ചുനൽകിയ ഒമ്പത് ഇരട്ടവീടുകളുടെ താക്കോൽദാനം വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. നാടിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവർക്കുള്ള അടിയന്തരാശ്വാസവും ഒരുമിച്ചുകൊണ്ടുപോകുകയെന്ന കാഴ്ചപ്പാടിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

    അയ്മനം പിച്ചക്കാട് എന്ന പ്രദേശത്ത് 1.22 കോടി ചെലവിട്ടാണ് വീടുകൾ പൂർത്തിയാക്കിയത്. പഞ്ചായത്ത് വാങ്ങി നൽകിയ 32 സെൻറ് സ്ഥലത്താണ് റോട്ടറി ഡിസ്ട്രിക്റ്റ് ‘സനേഹവീട്’ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നിർമിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിനും രണ്ടുമുറികളും ഹാളും അടുക്കളയുമടങ്ങുന്ന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സ്ഥലവും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. 

    ചുരുങ്ങിയ കാലയളവിൽ ഈ വീടുകൾ പൂർത്തിയാക്കാനായതും സന്തോഷകരമാണെന്നും ഇതിനുള്ള റോട്ടറി ക്ലബിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഭവനരഹിതരായ 205 കുടുംബങ്ങൾക്കാണ് അയ്മനം പഞ്ചായത്ത് ഇതിനകം വീടുകൾ നിർമിച്ചുനൽകിയത്. അതിനുപുറമേയാണ് 18 കുടുംബങ്ങൾക്ക് കൂടി വീടാകുന്നത്. 

    ഭൂരഹിതരായ 24 കുടുംബങ്ങൾക്കുള്ള വീട് നിർമാണം പുരോഗമിക്കുകയുമാണ്. പഞ്ചായത്തിലെ ബാക്കി ഭവനരഹിതർക്കും മുൻഗണനയനുസരിച്ച് ലൈഫ് മിഷനിലൂടെ വീടുകൾ നിർമിച്ചുനൽകാനാകും. ലക്ഷമിടുന്ന വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വീടില്ലാത്തവർക്ക് വീട്, റോഡുകളില്ലാത്തയിടങ്ങളിൽ റോഡ്, സ്‌കൂൾ കെട്ടിടം ഇല്ലാത്തതോ പുതുക്കി പണിയേണ്ടതോ ആയ സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന പദ്ധതികൾക്കും ഒപ്പം ഭക്ഷ്യോത്പാദനം വർധിപ്പിക്കുന്ന പദ്ധതികൾക്കുമാണ് മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.