കടുത്തുരുത്തി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഞീഴൂർ അപ്ലൈഡ് സയൻസ് കോളേജിന് വേണ്ടി പുതിയതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുമെന്ന് എം.എൽ.എ അഡ്വ: മോൻസ് ജോസഫ് അറിയിച്ചു.
തിരുവാമ്പാടി ഭൂതപാണ്ടൻ ചിറയിൽ ഞീഴൂർ ഗ്രാമ പഞ്ചായത്ത് കൈമാറിയ 5 ഏക്കർ സ്ഥലത്താണ് കോളേജ് പുതിയ കെട്ടിട സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയും, ഐ.എച്ച്.ആർ.ഡിയുടെ ഫണ്ടും സംയുക്തമായി ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. ഐ.എച്ച്.ആർ.ഡി കോളേജിന് വേണ്ടി നിർമ്മിച്ചിരിക്കുന്ന പുതിയ മന്ദിരത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.
യൂണിവേഴ്സിറ്റി പരീക്ഷകളിൽ മികച്ച വിജയം നേടുന്ന മാതൃകാ കലാലയമായി തീരാൻ ഞീഴൂർ കോളേജിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട് എന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. കോളേജ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച്ച ചേരുന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ: മോൻസ് ജോസഫ് എം.എൽ.എ ശിലാഫലകം അനാവരണം ചെയ്യും. കോട്ടയം എം.പി തോമസ് ചാഴിക്കാടൻ മുഖ്യ പ്രഭാഷണം നടത്തും.