കോട്ടയം: ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പക്ഷാഘാത ഐ.സി.യുവിന്റേയും സി.സി.യുവിന്റേയും ഉത്‌ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. അന്തര്‍ദേശീയ പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല ചടങ്ങിന്റെ ഉത്ഘടനവും കോട്ടയം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ മന്ത്രി നിർവ്വഹിച്ചു. വളരെ വിലയേറിയ സ്‌ട്രോക്ക് ചികിത്സ സാധാരണക്കാരില്‍ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കൂടി സ്‌ട്രോക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട് എന്നും ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ പറഞ്ഞു.
ആരോഗ്യ വകുപ്പിന് കീഴിലുള്ള ജീവിതശൈലീ രോഗ നിര്‍ണയ പദ്ധതിയുടെ പ്ലാന്‍ ഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടും ഉപയോഗിച്ചാണ് ഇവിടെ സ്‌ട്രോക്ക് ഐ.സി.യു പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോട്ടയം ജില്ലാ ആശുപത്രിയില്‍ ജനുവരി 2018 മുതല്‍ പക്ഷാഘാത ചികിത്സ ആരംഭിക്കുകയുണ്ടായി. സ്‌ട്രോക്ക് ഐസിയു കൂടി ഈ യൂണിറ്റിന്റെ ഭാഗമാകുന്നതോടെ പക്ഷാഘാത ചികിത്സ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സാധിക്കുന്നതാണ് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കുകയും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ കീഴില്‍ സ്‌ട്രോക്ക് ചികിത്സയ്ക്കായി ശിരസ് പദ്ധതി (SIRAS- Stroke Identification Rehabilitation Awareness and Stabilisation Programme) ആരംഭിച്ചു. ഇതിനായി ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സ്‌ട്രോക്ക് ഒപി, സ്‌ട്രോക്ക് ഐപി, സ്‌ട്രോക്ക് ഐസിയു, സ്‌ട്രോക്ക് റീഹാബിലിറ്റേഷന്‍ എന്നിവ സജ്ജീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു. 24 മണിക്കൂറും തടസം കൂടാതെ സിടി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി എച്ച്എല്‍എല്ലുമായി സഹകരിച്ച് കൊണ്ട് ടെലി റേഡിയോളജി സംവിധാനം പ്രാവര്‍ത്തികമാക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി പറഞ്ഞു.
കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി സന്ദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത വിഷയം അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, എന്‍.സി.ഡി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. ബിബിന്‍ ഗോപാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിന്ദുകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.