കോട്ടയം: മൂന്നാറിൽ നീലക്കുറിഞ്ഞി സമ്മാനിക്കുന്ന നീല വസന്തം പോലെ കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്തമായ ആമ്പൽ വസന്തം അവസാനിക്കുന്നു. മലരിക്കലിലെ ഏക്കറ് കണക്കിന് പാടശേഖരങ്ങളിൽ തീർന്ന കാഴ്ച്ചയുടെ വിസ്മയമാണ് ഇത്തവണ അധികമാർക്കും കണ്ടു ആസ്വദിക്കാനാകാതെ അവസാനിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലരിക്കലിലേക്ക് ആദ്യ ഘട്ടങ്ങളിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല.
ഇപ്പോൾ കൃഷിക്കായി നിലമൊരുക്കുന്ന ഭാഗമായി പാടശേഖരങ്ങളിൽ മരുന്നടിച്ചു തുടങ്ങി. കൃഷിക്ക് ശേഷം ഇനി അടുത്ത വർഷമാകും കാഴ്ച്ചയുടെ വാസ്ത വിസ്മയങ്ങളൊരുക്കി ആമ്പൽ വസന്തം വീണ്ടും വിരുന്നെത്തുക. കഴിഞ്ഞ വർഷം പതിനായിരക്കണക്കിന് ആളുകളാണ് പിങ്ക് വിസ്മയം കാണാനായി വിവിധ സ്ഥലങ്ങളിൽ നിന്നുമെത്തിയത്. നിരവധി ഫോട്ടോഷൂട്ടുകളും ആമ്പൽ വസന്തം കേന്ദ്രമാക്കി നടന്നിരുന്നു. ഓഗസ്റ്റിൽ ആരംഭിച്ച കാഴ്ച്ചയുടെ വിസ്മയമാണ് ഇനി കാണാമറയത്തേക്ക് പോകുന്നത്.
കഴിഞ്ഞ വർഷം ആമ്പൽ വസന്തം വളരെയധികം ശ്രദ്ധയാകർഷിച്ചതോടെ ഈ വർഷം സഞ്ചാരികളെ ആകർഷിക്കുന്നതിനായി നിരവധി പരിപാടികൾ ഒരുക്കുന്നതിനായി തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തോടെ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തേണ്ടി വന്നു. കഴിഞ്ഞ വർഷം ഒന്നര ലക്ഷത്തോളം സഞ്ചാരികൾ എത്തിയതായാണ് ഏകദേശ വിവരം.
പനച്ചിക്കാട് അമ്പാട്ടുകടവിലെ പാടശേഖരങ്ങളിൽ ഇപ്പോൾ ആമ്പൽപ്പൂക്കളുടെ വിസ്മയ കാഴ്ച്ചകൾ കാണാവുന്നതാണ്. കൃഷിക്കായി നിലമൊരുക്കുന്ന ജോലികൾ നിലവിൽ ഇപ്പോൾ ആരംഭിച്ചിട്ടില്ല. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചു സന്ദർശകർക്ക് കാഴ്ച്ചകൾ കാണുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
ചിത്രം:അനിൽ.