എരുമേലി: ഇൻഷുറൻസ് തീർന്നതിനെ തുടർന്ന് പൊൻകുന്നം കെ എസ് ആർ ടി സി ഡിപ്പോയിലും ഓപ്പറേറ്റിങ് സെന്ററായ എരുമേലിയിലെ സർവ്വീസ് നടത്താതെ ഇട്ടിരിക്കുന്നത് അൻപതോളം ബസ്സുകളാണ്. ഇൻഷുറൻസ് തീർന്നതോടെ ബസ്സുകൾ സർവ്വീസ് നടത്താത്തതിനെ തുടർന്ന് ഏറെ ദുരിതത്തിലായത് ഗ്രാമീണ മേഖലയിലെ യാത്രക്കാരാണ്. വരുമാന നഷ്ട്ടം ചൂണ്ടിക്കാട്ടി സ്വകാര്യ ബസ്സുകൾ ഗ്രാമീണ മേഖലയിലെ സർവ്വീസുകൾ കുറച്ചപ്പോൾ ഈ മേഖലയിലെ യാത്രക്കാർക്ക് ഏറെ ആശ്രയം കെ എസ് ആർ ടി സർവ്വീസ് മാത്രമായിരുന്നു. പൊൻകുന്നം ഡിപ്പോയിൽ മാത്രം മുപ്പതോളം ബസ്സുകളാണ് ഇൻഷുറൻസ് തീർന്നതിനാൽ സർവ്വീസ് നടത്താത്തത്. എരുമേലി ഓപ്പറേറ്റിങ് സെന്ററിന്റെ അവസ്ഥയും വിഭിന്നമല്ല. എരുമേലിയിൽ പത്തിലധികം ബസ്സുകളാണ് ഇക്കാരണത്താൽ സർവ്വീസ് നടത്താനാകാതെ കിടക്കുന്നത്. എരുമേലിയിൽ നിന്നും ചില ബസ്സുകൾ മറ്റു ഡിപ്പോയിലേക്കും കൊണ്ട് പോയതോടെ എരുമേലിയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകളിൽ കുറവ് വന്നു. ഇതോടെ ഡിപ്പോകളിൽ വരുമാന നഷ്ടവും സംഭവിച്ചു. ഇൻഷുറൻസ് ഇല്ലാതെ സർവ്വീസ് നടത്തി അപകടം സംഭവിച്ചാൽ എടിഒയോ ജീവനക്കാരോ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നതിനാലാണ് ഇൻഷുറൻസ് തീർന്ന ബസ്സുകൾ സർവ്വീസ് നടത്താതെ കയറ്റി ഇട്ടിരിക്കുന്നത്. ലാഭകരമായിരുന്ന കാഞ്ഞിരപ്പള്ളി പുനലൂർ സർവ്വീസിലും ഇപ്പോൾ ബസ്സുകൾ സർവ്വീസ് നടത്തുന്നില്ല. മറ്റു ഡിപ്പോകളിലും സമാന അവസ്ഥയാണുള്ളതെന്നു ജീവനക്കാർ പറയുന്നു. ഇതോടെ ദുരിതത്തിലായത് സാധാരണക്കാരെ ജനങ്ങളാണ്. കൂടുതലായും ബുദ്ധിമുട്ടിലായത് ഗ്രാമീണ മലയോര മേഖലയിലെ ജനങ്ങളാണ്. ഈ മേഖലയിലേക്ക് കെ എസ് ആർ ടി സി ആയിരുന്നു ഏക യാത്രാ ആശ്രയം. അധിക ദിവസങ്ങൾ താമസിയാതെ ബസ്സുകളുടെ ഇൻഷുറൻസ് പുതുക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും ജീവനക്കാരും.