ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു വരികയാണ്. ദിവസേന സമ്പർക്കത്തിലൂടെ നിരവധിപ്പേർക്കാണ് നഗരസഭാ പരിധിയിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നത്. ഈരാറ്റുപേട്ടയിലെ കോവിഡ് സാഹചര്യം ജില്ലാ കലക്ടറുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ച്ചയിൽ സംസാരിച്ചതായി നഗരസഭാ ചെയർമാൻ നിസ്സാർ കുർബാനി പറഞ്ഞു. ഈരാറ്റുപേട്ടയിൽ സമ്പൂർണ്ണ അടച്ചിടൽ ഉണ്ടാകില്ല എന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ഇപ്പോൾ ആരോഗ്യ വകുപ്പ് നിർദേശപ്രകാരം വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. എന്നാൽ ഇത് രോഗവ്യാപനം വർദ്ധിക്കുന്നതിന് കാരണമാകുന്നതായി നഗരസഭാ ചെയർമാൻ പറഞ്ഞു.
നിലവിൽ ഒരു കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം മാത്രമാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഈ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്നത് വളരെ കുറച്ചു പേർക്ക് മാത്രമാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈരാറ്റുപേട്ടയിൽ ഒരു കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം കൂടി തുടങ്ങാൻ ജില്ലാ കളക്ടർ അനുമതി നൽകിയതായി ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കും. സെക്ടർ ഓഫീസർമാരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തും. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ പരിശോധനകൾക്കായി കൂടുതൽ സെക്റ്റർ ഓഫീസർമാരെ നിയോഗിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞതായി നഗരസഭാ ചെയർമാൻ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ അൺലോക്ക് 5 മാർഗ്ഗനിർദ്ദേശപ്രകാരം അടച്ചിടൽ നടത്താൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അനുമതി നൽകാൻ സാധിക്കുക. വ്യാപാരികളെ സംരക്ഷിക്കാനും മറ്റു പലർക്കും ഒത്താശ ചെയ്യാനുമാണ് നഗരസഭയിൽ അടച്ചിടൽ നടത്താത്തത് എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും നിസ്സാർ കുർബാനി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രയത്നിക്കണമെന്നും പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ എല്ലാവരും വീഴ്ച്ച വരുത്താതെ കൃത്യമായി പാലിക്കണമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.