കോട്ടയം: കോട്ടയം ഏറ്റുമാനൂർ തെള്ളകം മിറ്റേര ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച്ചയെന്ന് സർക്കാരിന്റെ ഓഡിറ്റ് റിപ്പോർട്ട്. കോട്ടയം ബാറിലെ അഭിഭാഷകനും പേരൂർ സ്വദേശിയുമായ തച്ചനാട്ടേൽ അഡ്വ.ടി എൻ രാജേഷിന്റെ ഭാര്യ അദ്ധ്യാപികയായ ജി എസ് ലക്ഷ്മിയാണ് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് തെള്ളകം മിറ്റേര ആശുപത്രിയിൽ മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി സർക്കാരിന്റെ മെറ്റേണൽ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

    ഏപ്രിൽ 24 നു ആയിരുന്നു സാധാരണ പ്രസവത്തിലൂടെ ലക്ഷ്മി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്നുണ്ടായ അമിത രക്തസ്രാവത്തെ തുടർന്നാണ് ലക്ഷ്മിയുടെ മരണം സംഭവിച്ചത്. യുവതിക്ക് അമിത രക്തസ്രാവം ഉണ്ടായതായും ഗർഭപാത്രം മാറ്റിയതായും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും യുവതി മരിച്ചതായും രാത്രി ഒൻപത് മണിയോടെ ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഗുരുതര ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകിയിരുന്നു. മരുന്നുകൾ കൃത്യ സമയത് നൽകാത്തതാണ് യുവതി മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 

    ജില്ലാ ക്രൈം ബ്രാഞ്ച് ലക്ഷ്മിയുടെ മരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആർ എം ഓ ഡോ.ആർ പി രഞ്ജിൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ലിസിയമ്മ ജോർജ്, ജില്ലാ ആർ സി എച് മെഡിക്കൽ ഓഫീസർ ഡോ.സി ജെ സിത്താര എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. മെച്ചപ്പെട്ട ചികിത്സ ലഭിച്ചില്ലെന്നും രക്തം നൽകുകയോ കരുതുകയോ ചെയ്തിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലഡ് ബാങ്ക് പോലും ഈ ആശുപത്രിയിൽ നിലവിലില്ല എന്നും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താൻ ആശുപത്രിക്ക് കഴിഞ്ഞില്ല, ലക്ഷ്മിയുടെ അവസ്ഥ ഗുരുതരമായപ്പോഴും വിദഗ്ധരുടെ സേവനം തേടാനോ മറ്റു ആശുപത്രികളുടെ സേവനം തേടാനോ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല എന്നും സർക്കാരിന്റെ മെറ്റേണൽ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

    രക്തസ്രാവം ഉണ്ടായ സമയത്ത് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിരുന്നില്ല എന്നും മരുന്നുകൾ മറ്റെവിടെ നിന്നെങ്കിലും വാങ്ങാൻ നിർദേശം നൽകുകയോ ചെയ്തിരുന്നില്ല എന്നും ബന്ധുക്കൾ പറയുന്നു. കൃത്യമായ സമയത്ത് വിവരങ്ങൾ അറിയിച്ചിരുന്നെങ്കിലും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.