കോട്ടയം: കേരളാ കോൺഗ്രസ്സ് എം ജോസ് കെ മാണി വിഭാഗം എൽ ഡി എഫിലെത്തുന്നതോടെ സീറ്റ് വിഭാഗനത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പറഞ്ഞു. ഉപാധികളൊന്നുമില്ലാതെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് ഇടതു മുന്നണിയുമായി ജോസ് കെ മാണി വിഭാഗം എൽ ഡി എഫുമായി സഹകരിക്കുന്നത്. നിയമസഭാ സീറ്റുകളിലെ കാര്യങ്ങൾ ഇപ്പോൾ ചർച്ചയ്‌ക്കെടുക്കേണ്ട ആവശ്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ അതിനാവശ്യമായ ചർച്ചകളും ആരംഭിച്ചിട്ടില്ല. കേരളാ കോൺഗ്രസ്സ് എൽ ഡി എഫിലെത്തുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണം നേടാൻ മുന്നണിക്ക് സാധിക്കും. യുഡിഎഫ് രൂപികരണത്തിന് നേതൃത്വം നല്‍കിയ പാർട്ടിയാണ് 38 വര്‍ഷത്തിനു ശേഷം ആ മുന്നണിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫില്‍ നിന്നും പുറത്തു വന്ന എല്‍ജെഡി, എല്‍ഡിഎഫിന്റെ ഭാഗമായി. കോൺഗ്രസ്സ് കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം നടത്തുന്നത് കേരളാ കോൺഗ്രസ്സ് എമ്മിന്റെ സഹായത്തോട് കൂടിയാണ്. എല്ലാ ഘടക കക്ഷികള്‍ക്കും അര്‍ഹമായ പ്രാതിനിദ്ധ്യം നൽകുന്ന മുന്നണിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് വി എൻ വാസവൻ പറഞ്ഞു. രാഷ്ട്രീയ നിലപാട് ജോസ് കെ മാണി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്‌ത് ഇക്കാര്യത്തില്‍ ക്രിയാത്മക നിലപാട് സ്വീകരിക്കും.