ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി വലിയകുളത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് 3 മരണം. ഇന്നലെ രാത്രി ചങ്ങനാശ്ശേരി വലിയകുളത്തായിരുന്നു അപകടം. ജെറിൻ ജോണി കുട്ടമ്പേരൂർ(19), ജിന്റോ ജോസ് പുതുച്ചിറ(37), ജിന്റോ ജോസിന്റെ ഭാര്യാ പിതാവ് ജോസ് വർഗീസ്(69) കുറിഞ്ഞിപ്പറമ്പിൽ ഇത്തിത്താനം എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവരെ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ്.തോമസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ജെറിൻ ജോണി ഇന്നലെ രാത്രിയും മറ്റു രണ്ടുപേർ ഇന്ന് രാവിലെയുമാണ് മരണപ്പെട്ടത്. ജെറിനൊപ്പം യാത്ര ചെയ്തിരുന്ന വാഴപ്പള്ളി സ്വദേശിയായ കെവിൻ ഫ്രാൻസിസിനെ (19) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും പൂർണ്ണമായി തകർന്നു. അപകടത്തിൽപ്പെട്ടു റോഡിൽ കിടന്ന 4 പേരെയും നാട്ടുകാരും പോലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മരണപ്പെട്ട 3 പേരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.