കോട്ടയം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ആശങ്കാവഹമായി വർധിച്ചു തുടങ്ങിയതോടെ പ്രതിദിന കോവിഡ് വിവരങ്ങൾ ചുരുക്കി ജില്ലാ ഭരണകൂടം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് കോവിഡ് വിവരങ്ങൾ ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജിലും ജില്ലാ ഇൻഫോർമേഷൻ ഓഫിസിന്റെ പേജിലും വിവരങ്ങൾ ചുരുക്കി പ്രസിദ്ധീകരിച്ചത്. ഇതോടെ നിരവധിപ്പേരാണ് പ്രതിഷേധമറിയിച്ചു കൊണ്ട് ഇരുപേജുകളിലും കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻദിവസങ്ങളിൽ പ്രതിദിന കോവിഡ് വിവരങ്ങൾ വ്യക്തമായി പ്രസിദ്ധീകരിച്ചിരുന്നതിനാൽ ജനങ്ങൾക്ക് വിവരങ്ങൾ കൃത്യമായി ലഭ്യമായിരുന്നതായും ഏതൊക്കെ മേഖലകളിൽ ജാഗ്രത പുലർത്തണമെന്ന് ഇതിനാൽ അറിയാൻ സാധിച്ചിരുന്നതായും നിരവധിപ്പേർ പറയുന്നു. സ്ഥലങ്ങളുടെ വിവരങ്ങളടക്കം പ്രസിദ്ധീകരിക്കുന്നത് കൊണ്ട് അതുവഴിയുള്ള യാത്രകൾ ഒഴിവാക്കാനും ജാഗ്രതഹാ പുലർത്താനും സാധിക്കുമായിരുന്നു എന്നും ചിലർ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് ബാധിത മേഖലകൾ അറിഞ്ഞാൽ കൂടുതൽ കരുതലും ജാഗ്രതയും പാലിക്കാനാകും എന്നാണു എല്ലാവരുടെയും അഭിപ്രായം. എണ്ണം കൂടിയപ്പോൾ ലിസ്റ്റ് ചെറുതായെന്നും മറ്റു ജില്ലകളിൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നുണ്ടെന്നും ചിലർ പ്രതികരിച്ചു. സമ്പർക്ക വ്യാപനത്തിലൂടെ ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും ഇപ്പോൾ കോവിഡ് പിടി മുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഇപ്പോഴത്തെ ലിസ്റ്റ് മതിയെന്നും എല്ലായിടത്തും കോവിഡ് രോഗബാധ ഭീഷണി നിലനിൽക്കുന്നതിനാൽ കരുതലോടും ജാഗ്രതയോടും മുന്നോട്ടു പോകണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ജില്ലയിൽ പ്രതിദിനം സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മാസ്ക് ശരിയായി ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പറഞ്ഞു.