ലോക്ക് ഡൗൺ കാലത്തെ ഒരു കൂട്ടം കർഷകരുടെ പ്രയത്നമാണ് ഈ കരനെൽപ്പാടം.
കോട്ടയം: കോട്ടയം മുളക്കുളം ചെമ്മഞ്ചി മലയിലാണ് കാഴ്ച്ചയുടെ വിസ്മയം തീർത്ത കരനെൽ കൃഷിയുടെ ഈ കാഴ്ച്ചകൾ. ചെങ്കുത്തായ കാട് പിടിച്ചു കിടന്ന ഈ സ്ഥലം ഒരു കൂട്ടം കർഷകരാണ് ഇന്ന് ഈ കാണുന്ന നെൽകൃഷിയുടെ വിസ്മയം തീർക്കാനായി പരിശ്രമിച്ചത്. ലോക്ക് ഡൗൺ കാലത്ത് വെറുതെ സമയം കളയാതെ കൃഷിയിലേക്ക് എന്ന ആശയം മുൻനിർത്തിയാണ് ഒരു കൂട്ടം കർഷകർ ചെങ്കുത്തായ ഈ സ്ഥലം തട്ടുകളായി തിരിച്ചു കാടുകളും മറ്റ് മരങ്ങളും വെട്ടി മാറ്റി കൃഷിക്ക് അനുയോജ്യമാക്കിയത്. ഒരു കൂട്ടം കർഷകർക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും ഒത്തു ചേർന്നപ്പോൾ വിരിഞ്ഞത് വിസ്മയം മാത്രമല്ല കരനെൽ കൃഷിയുടെ മറ്റൊരു പാഠം കൂടിയാണ്. പൂഴിക്കൽ ലിന്റോയുടെ ഒന്നരയേക്കർ സ്ഥലത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. വെള്ളൂർ പേപ്പർ ഫാക്റ്ററിക്ക് സമീപമാണ് ഈ സ്ഥലം. തോമസ് പുതിയാപറമ്പിലാണ് നേതൃത്വം നൽകിയത്. മഴ മാത്രമാണ് കൃഷി ആവശ്യത്തിനായുള്ള ജലത്തിന് ഇവർ ആശ്രയിക്കുന്നത്. ചെങ്കലും പാറയും ഇളക്കി മാറ്റി നിലം കൃഷിക്ക് അനുയോജ്യമാക്കിയതിന് ശേഷമാണ് ഇവർ ഇവിടെ കൃഷി ആരംഭിച്ചത്. പൂര്ണമായും ജൈവകൃഷി രീതിയാണ് ഉപയോഗിക്കുന്നത് എന്ന് കർഷക കൂട്ടായ്മ പറഞ്ഞു. കൃഷിക്കൊപ്പം ഇവിടെ എത്തുന്നവരെ ആകര്ഷിക്കത്തക്കതായി പൂർണ്ണമായും മുളയിൽ നിർമ്മിച്ച ഏറുമാടവും കൃഷിയിടത്തിലുണ്ട്. മൂന്നു മാസത്തോളമുള്ള കഠിന പ്രയത്നമാണ് കൃഷിയിടം ഇത്തരത്തിൽ വിസ്മയമാക്കിയത്. നിരവധി പേർ കൃഷിയുടെ ഈ വിസ്മയം കാണാനായി ഇവിടെ എത്താറുണ്ട്. കൃഷിയുടെ വിസ്മയ കാഴ്ച്ചകൾക്കൊപ്പം പ്രകൃതി രമണീയമായ സ്ഥലവുമാണ് ഈ കുന്നിൻ പ്രദേശം.