കോട്ടയം: പൊതു സ്ഥലങ്ങളെയും ജലാശയങ്ങളെയും മലിനമാക്കുന്ന അറവു മാലിന്യങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌ക്കരിക്കുന്ന വിപുല പദ്ധതിക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ക്ലീന്‍ കോട്ടയം-ഗ്രീന്‍ കോട്ടയം സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ പുതിയ സംവിധാനം നിലവില്‍ വരുന്നത്. അയ്മനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഏകോപനം നിര്‍വഹിക്കുന്നത് ശുചിത്വ മിഷനാണ്. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ച് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കത്തു നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. പുതിയ മാലിന്യ സംസ്‌കരണ സംവിധാനവുമായി സഹകരിക്കുന്ന കടകള്‍ക്കു മാത്രമേ തദ്ദേശസ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കി നല്‍കൂ. പദ്ധതിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് അതത് പ്രദേശങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ കടകളുടെ പ്രവര്‍ത്തനം വിലയിരുത്തും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് പ്രോട്ടീന്‍സ് എന്ന കമ്പനിയാണ് ജില്ലയിലെ അറവു ശാലകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശീതികരിച്ച് പ്ലാന്റുകളിലെത്തിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ച് മത്സ്യത്തീറ്റ, ജൈവവളം തുടങ്ങിയ മറ്റ് ഉത്പന്നങ്ങളാക്കി മാറ്റും. ആദ്യ ഘട്ടത്തില്‍ കോട്ടയം ജില്ലയില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സംസ്‌കരണ കേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോന്‍, സ്ഥിരം സമിതി അധ്യക്ഷരായ ലിസമ്മ ബേബി, സഖറിയാസ് കുതിരവേലി, പെണ്ണമ്മ ജോസഫ്, അംഗങ്ങളായ അഡ്വ. സണ്ണി പാമ്പാടി, ബെറ്റി റോയ് മണിയങ്ങാട്, ജയേഷ് മോഹന്‍, ബി.മഹേഷ് ചന്ദ്രന്‍, അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചന്‍, വൈസ് പ്രസിഡന്റ് സാലി ജയചന്ദ്രന്‍, മറ്റു ജനപ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സിജു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.