ജില്ലയിൽ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ സജീവം. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേങ്ങള്‍ ലംഘിച്ച 1192 പേര്‍ക്കെതിരെ ജില്ലയിൽ നടപടിയെടുത്തു. 

കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ സജീവമായി. ജില്ലയിൽ എലാ സ്ഥലങ്ങളിലും സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ കർശന പരിശോധനയാണ് നടന്നു വരുന്നത്. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ ലംഘിച്ച 1192 പേര്‍ക്കെതിരെ ജില്ലയിൽ ഇതുവരെ നടപടിയെടുത്തതായി ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. പൊതുസ്ഥലത്ത് അനാവശ്യമായി കൂട്ടം ചേരുക, മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുക, മാസ്ക് ധരിക്കാതിരിക്കുക, ശരിയായി ധരിക്കാതിരിക്കുക,വ്യാപാര സ്ഥാപനങ്ങളിലും മറ്റു സ്ഥലങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കാതിരിക്കുക, സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴയൊടുക്കേണ്ടിവന്നത്. മാസ്ക് ധരിക്കാത്തതിനും ശരിയായ രീതിയില്‍ ധരിക്കാത്തിനുമായി 737 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ക്രമിനല്‍ നടപടി നിയമം 21 പ്രകാരം എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാരത്തോടെയാണ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി വിവിധ വകുപ്പുകളിലെ 94 ഗസറ്റഡ് ഓഫീസര്‍മാരെ സെക്ടര്‍ മജിസ്ട്രേറ്റുമാരായി നിയോഗിച്ചിരിക്കുന്നത്.