കോട്ടയം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ കോവിഡ് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയം ജനറൽ ആശുപത്രിയിലും കോവിഡ് ഇന്റൻസീവ് കെയർ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിദിന കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. കോട്ടയം ജനറൽ ആശുപത്രിയിൽ 40 കിടക്കകളോട് കൂടിയ കോവിഡ് ഇന്റൻസീവ് കെയർ യൂണിറ്റും കോട്ടയം മെഡിക്കൽ കോളേജിൽ 140 പുതിയ കിടക്കകളോടും കൂടിയ കോവിഡ് ഇന്റൻസീവ് കെയർ യൂണിറ്റാണ് പ്രവർത്തനം ആരംഭിക്കുന്നത് എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സെക്കണ്ടറി ലെവൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ബി കാറ്റഗറി രോഗികൾക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ അത്തരം ആളുകൾക്ക് ചികിത്സ നല്കുന്നതിനായാണ് കോവിഡ് ഇന്റൻസീവ് കെയർ യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനറൽ ആശുപത്രിയിലെ കോവിഡ് ഇന്റൻസീവ് കെയർ യൂണിറ്റിന്റെ ഉത്‌ഘാടനം ബുധനാഴ്ച്ച  നിർവ്വഹിക്കും.