കോട്ടയം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടി വരികയാണ്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശ പ്രകാരം മറ്റ് ആരോഗ്യ പ്രശനങ്ങളോ ലക്ഷണങ്ങളോ ഇല്ലാത്തവർക്ക് രോഗികളുടെ താല്പര്യം കണക്കിലെടുത്ത് വീടുകളിൽ ചികിത്സയിൽ കഴിയാൻ അനുവദിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് നിർദേശിക്കുന്നവർക്ക് മാത്രമാണ് വീടുകളിൽ ചികിത്സയിൽ കഴിയാൻ അനുമതി നൽകുന്നത്. നിലവിൽ ജില്ലയിൽ 1500 ലധികം പേർ ഇപ്പോൾ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. വീടുകളിൽ മതിയായ സൗകര്യങ്ങൾ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് വരുത്തുന്നവർക്ക് മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. 

വീടുകളിൽ ചികിത്സയിൽ കഴിയുമ്പോൾ രോഗബാധിതരും മറ്റ് അംഗങ്ങളും ഇക്കാര്യങ്ങൾ കൂടുതൽ ജാഗ്രതയോടെ ശ്രദ്ധിക്കണം:

*ആശുപത്രിയിലേക്കോ പരിശോധനകൾക്കായോ പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിച്ചിരിക്കണം.

*കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.

*വാതിലിന്റെ കൈപ്പിടിയിയും പടിക്കെട്ടുകളിലെ പിടികളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.

  • ഭക്ഷണം,മറ്റു മാലിന്യങ്ങൾ എന്നിവ തരം തിരിച്ചു ബാസ്‌ക്കറ്റിൽ നിക്ഷേപിക്കുക.
  • മാലിന്യങ്ങൾ രണ്ടടിയെങ്കിലും ആഴമുള്ള കുഴികളിൽ നിക്ഷേപിച്ചു മണ്ണിട്ട് മൂടുക.
  • അണുനാശിനി ഉപയോഗിച്ച് തറ കഴുകിയ ശേഷം ജനാലകൾ തുറന്ന് വായു സഞ്ചാരം ഉറപ്പാക്കിയ ശേഷം മുറി ഉപയോഗിക്കുക.
  • രോഗബാധിതർ ചികിത്സയിലുള്ള മുറിയോട് ചേർന്ന് ശുചിമുറി ഉണ്ടായിരിക്കണം.
  • ഈ ശുചിമുറി മറ്റുള്ളവർ ഉപയോഗിക്കരുത്.
  • രോഗം ബാധിച്ചയാൾ താമസിക്കുന്ന മുറിയും ശുചിമുറിയും സ്വന്തമായി വൃത്തിയാക്കുക.
  • മുറി വൃത്തിയാക്കാനുള്ള ചൂൽ മറ്റു സാധനങ്ങൾ മുറിയിൽ കരുതണം.
  • രോഗബാധിതരുടെ മുറിയിൽ വൃത്തിയാക്കാൻ ഉപയോഗിച്ച സാധനങ്ങൾ മറ്റു മുറിയിൽ ഉപയോഗിക്കരുത്.
  • സ്ഥിരമായി കഴിക്കുന്ന മരുന്നുകളുണ്ടെങ്കിൽ രണ്ടാഴ്ച്ച കാലയളവിലേക്കുള്ളത് മുറിയിൽ കരുതണം.
  • രോഗബാധിതർ ചികിത്സയിൽ കഴിയുന്ന വീട്ടിലുള്ളവർ കഴിവതും പുറത്തിറങ്ങാതിരിക്കുക.
  • വീട്ടിലേക്കാവശ്യമായ സാധനങ്ങൾ സന്നദ്ധ പ്രവർത്തകർ മുഖേനയോ അയൽക്കാർ മുഖേനയോ വാങ്ങാൻ ശ്രദ്ധിക്കുക.
  • പണമിടപാടുകൾ കഴിവതും ഡിജിറ്റലായി നൽകുക.
  • ചികിത്സയിൽ ഇരിക്കുന്നവരുടെ വീട്ടിൽ സന്ദർശനം ഒഴിവാക്കണം.
  • സൗഹൃദങ്ങൾ പങ്കുവെയ്ക്കുന്നത് ഓൺലൈനിലൂടെയാക്കുക.
  • രോഗബാധിതർ ഉപയോഗിക്കുന്ന ഫോൺ,ലാപ്ടോപ്പ്,റിമോട്ട്,ഹെഡ്സെറ്റ്,ചാർജർ എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്.
  • വസ്ത്രങ്ങൾ മുറിക്കുള്ളിൽ തന്നെ കഴുക.വീട്ടിലെ വാഷിങ് മെഷീനിൽ കഴുകുന്നത് ഒഴിവാക്കുക.

കരുതലും ജാഗ്രതയും മാത്രമാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ ആയുധം. നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കുമായി കരുതലും ജാഗ്രതയും പാലിക്കാം.