കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ദിവസേന കോവിഡ് ബാധിതരുടെ എണ്ണം ജില്ലയിൽ ഉയരുന്നതും ആശങ്കക്കിടയാക്കിയിട്ടുണ്ട്. ജില്ലയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ജില്ലയിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും ദിവസേന രോഗബാധിതരുടെ എണ്ണവും ഉയരുകയാണ്. ഒക്ടോബർ 1 മുതൽ 5 വരെ എല്ലാ ദിവസവും ജില്ലയിൽ 300 നു മുകളിലാണ് പുതിയ കോവിഡ് കേസുകളുടെ എണ്ണം. ദിവസേന രോഗബാധിതരുടെ എണ്ണം ഉയരുന്നതോടെ ആദ്യ ഘട്ടങ്ങളിൽ കോവിഡിനെതിരെ കോട്ട കെട്ടി പ്രതിരോധിച്ച കോട്ടയത്തിന്റെ പ്രതിരോധത്തെ കോവിഡ് ഇപ്പോൾ മറികടക്കുകയും ജില്ലയിൽ കോവിഡ് പിടി മുറുക്കുകയുമാണ്. നമ്മുടെ കോട്ടയം ജില്ലയിൽ ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും മാർച്ച് 10 നായിരുന്നു.
2020,മാർച്ച് 10
നമ്മുടെ കോട്ടയം ജില്ലയിൽ ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും മാർച്ച് 10 നായിരുന്നു. അന്ന് 2 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
2020,മാർച്ച് 24
പിന്നീട് മാർച്ച് 24 നാണു ഒരാൾക്ക് കൂടി കോട്ടയം ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്.ആകെ രോഗബാധിതർ 3 പേർ.
2020,ഏപ്രിൽ 3
മാർച്ച് 28 നു 2 പേരും ഏപ്രിൽ 3 നു ഒരാളും രോഗമുക്തി നേടിയതോടെ ജില്ലയിൽ കോവിഡ് ബാധിതർ ആരുമുണ്ടായിരുന്നില്ല.
2020,ഏപ്രിൽ 22
ഏപ്രിൽ 22 മുതൽ 27 വരെ തുടർച്ചയായ ദിവസങ്ങളിലായി ആകെ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
2020,ജൂൺ 15
ജൂൺ 15 നാണു ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടക്കം കടന്നത്. അന്ന് 10 പേർക്ക് ജില്ലയിൽ ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ചു.
2020,ജൂൺ 26
ജൂൺ 26 നു 18 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
2020,ജൂലൈ 11
ജൂലൈ 11 മുതലാണ് ജില്ലയിൽ ജില്ലയിൽ കോവിഡ് നേരിയ തോതിൽ പിടി മുറുക്കി തുടങ്ങിയത്. പിന്നീടുള്ള ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയർന്നു കൊണ്ടിരുന്നു.
2020,ജൂലൈ 28
ജൂലൈ 28 നു 118 പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം ഉയർന്നു തുടങ്ങി.
2020,ഓഗസ്റ്റ് 19
ഓഗസ്റ്റ് മാസത്തിലും ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു. ഓഗസ്റ്റ് 19 നു മാത്രം ജില്ലയിൽ സ്ഥിരീകരിച്ചത് 203 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
2020,സെപ്റ്റംബർ
സെപ്റ്റംബർ മാസാരംഭത്തോടെ ജില്ലയിലെ സ്ഥിതിഗതികൾ തകിടം മറിഞ്ഞു. സെപ്റ്റംബർ 2 മുതൽ 30 വരെ ജില്ലയിൽ പ്രതിദിനം 100 നു മുകളിലാണ് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
2020,സെപ്റ്റംബർ 27
സെപ്റ്റംബർ 27 നു 426 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കു രേഖപ്പെടുത്തിയ ദിവസം.
2020,ഒക്ടോബർ 1
ഒക്ടോബർ 1 മുതൽ 7 വരെയുള്ള കോവിഡ് പ്രതിദിന കണക്കുകളിൽ എല്ലാ ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 300 നു മുകളിലാണ്. ഒക്ടോബർ 7 നു 490 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
2020,ഒക്ടോബർ 10
ഒക്ടോബർ 10 നു മാത്രം രോഗബാധ സ്ഥിരീകരിച്ചത് 523 പേർക്കാണ്. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം.
2020,ഒക്ടോബർ 11
ഒക്ടോബർ 11 മുതൽ 18 വരെ ജില്ലയിൽ പ്രതിദിനം തുടർച്ചയായി 300 ലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ജില്ലയിലെ കോവിഡ് മരണങ്ങൾ
ജൂലൈ 27 നാണു ജില്ലയിലെ ആദ്യ കോവിഡ് മരണം സ്ഥിരീകരിക്കുന്നത്.
ജില്ലയിലെ കോവിഡ് മരണങ്ങൾ
ഒക്ടോബർ 18 വരെ ജില്ലയിൽ സ്ഥിരീകരിച്ചത് 34 കോവിഡ് മരണങ്ങൾ.
ആദ്യ ഘട്ടങ്ങളിൽ കോട്ടയം കോവിഡിനെതിരെ മാതൃകാപരമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെച്ചത്. പൊതുജനങ്ങളുടെ പൂർണ്ണ പങ്കാളിത്തം കോവിഡിനെതിരെയുള്ള പോരാട്ടത്തിലുണ്ടായിരുന്നു. എന്നാൽ ഇന്നോ?പ്രതിരോധ നിർദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് എല്ലാവരും പെരുമാറുന്നത്. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോൾ ഒരു വിഭാഗം ആളുകൾ ഇത് തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലും പെരുമാറുന്നത് വസ്തുതയാണ്. ഇതുവരെ ജില്ലയിലെ മരണങ്ങളിൽ 34 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 63.73 ശതമാനമാണ് ജില്ലയിലെ രോഗമുക്തി നിരക്ക്. ജില്ലയിൽ പ്രതിദിനം കൂടുതൽ പേര് രോഗമുക്തരാകുന്നുണ്ട്. 0.19 ശതമാനമാണ് ജില്ലയിലെ കോവിഡ് മരണനിരക്ക്.
കരുതലും ജാഗ്രതയും കൂടുതലായും നമ്മൾ പുലർത്തേണ്ട സമയമാണ് ഇത്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. പൊതു സ്ഥലങ്ങളിൽ അകലം പാലിക്കാനും മാസ്ക് നിർബന്ധമായും മുഖത്തു തന്നെ ധരിക്കാനും നമ്മൾ ശ്രദ്ധിക്കണം. നമുക്കും മറ്റുള്ളവർക്കും വേണ്ടി കരുതലോടെയിരിക്കാം. കരുതലും ജാഗ്രതയും ഒന്നുകൊണ്ടു മാത്രമേ നമുക്ക് കോവിഡിനെ തുരത്താനാകു.