വൈക്കം: ഇത് സുമിത്ത്, കോട്ടയം വൈക്കം ഇരുമ്പൂഴിക്കര നാനാടം മാലിയേൽ സുനിൽ-സിനി ദമ്പതികളുടെ മകനായ സുമിത്തിന് ക്ലാസ്സിലാത്ത ഈ കൊറോണക്കാലം വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്ന ആലോചനയിലാണ് സൈക്കിൾ ബൈക്ക് പിറവി കൊള്ളുന്നത്. ഇപ്പോൾ സൈക്കിൾ ബൈക്ക് നിർമ്മിച്ച സുമിത്ത് സമൂഹ മാധ്യമങ്ങളിലടക്കം താരമായിരിക്കുകയാണ്. കൊറോണ പടർന്നു പിടിച്ചതോടെ സ്‌കൂൾ പഠനം ഓൺലൈൻ ക്ലാസുകളിലേക്ക് ഒതുങ്ങി. ക്ലാസ്സും പഠനവും കഴിഞ്ഞു പിന്നെയും സമയം ധാരാളം ബാക്കി. വെറുതെ സമയം കളയുന്നത് എന്തിനു? വ്യത്യസ്തമായി എന്ത് ചെയ്യാൻ സാധിക്കും? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഒരുപാടൊന്നും ചിന്തിക്കേണ്ടി വന്നില്ല സുമിത്തിന്. ഒരു സൈക്കിൾ ബൈക്ക് നിർമ്മിക്കാം. ആദ്യം മനസ്സിലേക്ക് ഓടി വന്നത് ഒരു കാർ നിർമ്മിക്കാം എന്നതായിരുന്നു. എന്നാൽ വീതി കുറഞ്ഞ വീട്ടിലേക്കുള്ള വഴിയിലൂടെ സഞ്ചാരം സാധ്യമല്ലാത്തതിനാൽ തീരുമാനം ഒന്ന് മാറ്റി. സൈക്കിൾ ബൈക്ക് നിർമ്മിക്കാനായി ഉറച്ചു. എല്ലാത്തിനും കൂട്ടായി കട്ടയ്ക്ക് നിൽക്കാൻ ചങ്ക് സുഹൃത്ത് അർജുനും ഒത്തു ചേർന്നതോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഴയ ഇരുമ്പ് സാധനങ്ങൾ കൂട്ടിയിട്ടിരുന്ന ഒരു ആക്രിക്കടയിൽ നിന്നുമാണ് ഇരുവർക്കും ബൈക്കിന്റെ എൻജിൻ ലഭിക്കുന്നത്. അതോടൊപ്പം കുറച്ചു ഇരുമ്പു കമ്പികളും ബൈക്കിന്റെ ടയറും വാങ്ങി. ആവശ്യമായ സാധനങ്ങൾ എല്ലാം ലഭ്യമായതോടെ പണിപ്പുരയിലേക്ക്. ഒരു മാസം കൊണ്ട് സൈക്കിൾ ബൈക്ക് റെഡി. ആകെ ചെലവായത് ഏകദേശം 7000 രൂപ മാത്രമാണെന്ന് സുമിത്തും സുഹൃത്ത് അർജുനും പറയുന്നു. ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന സൈക്കിൾ ബൈക്കിൽ 2 ലിറ്റർ പെട്രോൾ കൊള്ളുന്ന ടാങ്ക് ആണ് ഘടിപ്പിച്ചിരിക്കുന്നത്. 30 കിലോ ഭാരമുള്ള ഈ സൈക്കിൾ ബൈക്ക് ഒരു ലിറ്റർ പെട്രോളിൽ 40 കിലോമീറ്റർ സഞ്ചരിക്കും.

Photo: Social Media