വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ എഴുന്നള്ളത്തിന് ആനകളെ ഒഴിവാക്കിയത് പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. വൈക്കത്തഷ്ട്ടമിയോടനുബന്ധിച്ചു വൈക്കം മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് ഒരാനയെയെങ്കിലും അനുവദിക്കണം എന്ന് ഭക്തജനങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ആവശ്യം വൈക്കം എംഎൽഎ സി.കെ ആശ ദേവസ്വം മന്ത്രിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഒരാനയെ എഴുന്നള്ളത്തിന് അനുവദിക്കുകയും ചെയ്തു.
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ഷേത്ര ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് മാത്രമായി ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഒരാനയെ എഴുന്നള്ളത്തിന് ജില്ലാ കളക്ടർ അനുമതി നൽകിയതായി എംഎൽഎ പറഞ്ഞു. നിബന്ധനകൾ കർശനമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അനുമതി നൽകുന്നതിനും കോട്ടയം സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.
നവംബർ 27 നാണു വൈക്കത്തഷ്ടമിക്ക് കൊടിയേറുന്നത്. ഡിസംബർ 8 നാണു ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആചാരപരമായ ചടങ്ങുകൾ മാത്രമായിരിക്കും ഈ വർഷം നടത്തുന്നത്. ഡിസംബർ എട്ടിന് പുലർച്ചെ 4.30 - നാണ് പ്രശസ്തമായ അഷ്ടമിദർശനം. ഒൻപതിന് വൈകീട്ട് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാകും ഈ വർഷത്തെ ഉത്സവം. ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തു സൂക്ഷിച്ച് ലളിതമായ ചടങ്ങു കളോടെ ആഘോഷം നടത്തും. സർക്കാരിൻറയും ദേവസ്വം ബോർഡിൻറയും നിർദേശങ്ങൾക്ക് വിധേയമായി ചടങ്ങുകൾ ക്രമീകരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.ആർ. ബിജു പറഞ്ഞു.