ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സർക്കാർ കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണം എന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ നിസ്സാർ കുർബാനി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് നിവേദനം നൽകി. ഇന്ന് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയെ സന്ദർശിച്ച് നഗരസഭാ ചെയർമാൻ നിവേദനം നൽകി.
ഈരാറ്റുപേട്ട നഗരസഭയിലും തൊട്ട് ചേർന്ന് കിടക്കുന്ന മലയോര പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന 6 പഞ്ചായത്തുകളിൽ നിന്നുള്ള നിർധനരായ രോഗികൾ ചികിത്സക്കായി എത്തുന്ന ഈ ആശുപത്രിയുടെ വികസനത്തിന്റെ അടിയന്തിര പ്രാധാന്യം മന്ത്രിയെ നേരിട്ട് ധരിപ്പിക്കാൻ സാധിച്ചതായി നഗരസഭാ ചെയർമാൻ നിസ്സാർ കുർബാനി പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ടയിൽ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പോസിറ്റീവ് ആകുന്നവരെ താമസിപ്പിക്കുന്നതിനായി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയാതായി നിസ്സാർ കുർബാനി പറഞ്ഞു. നിലവിലുള്ള ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും അതിന്റെ നടത്തിപ്പിനായി സന്നദ്ധ സംഘടനകളും, പൊതു ജനങ്ങളൂം നൽകി വരുന്ന സഹായങ്ങളൂം നഗരസഭാ ചെയർമാൻ മന്ത്രിയെ അറിയിച്ചു.
പുതിയ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും ഇത് സംബന്ധിച്ചുള്ള നിർദേശം കോട്ടയം ജില്ലാ കലക്ടർക്ക് നൽകുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചതായി നഗരസഭാ ചെയർമാൻ പറഞ്ഞു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഡ്വ.വി.പി നാസർ, മെഡിക്കൽ ഓഫീസർ ഡോ.നിഹാൽ മുഹമ്മദും എന്നിവരും ഒപ്പമുണ്ടായിരുന്നു.