മേലുകാവ്: ടെറസിലെ നെൽകൃഷിയിൽ നൂറു മേനി വിജയം കൈവരിച്ചിരിക്കുകയാണ് മേലുകാവ് സ്വദേശികളായ കുടിയാറ്റിൽ റ്റൈറ്റസും ഭാര്യ സെലിനും. ഇവരുടെ വീടിന്റെ ടെറസിലാണ് നെൽപ്പാടം കതിരണിഞ്ഞു കിടക്കുന്ന വിസ്മയ കാഴ്ച്ച കാണാതാകുന്നത്. ലോക്ക് ഡൗൺ സമയത്ത് നിരവധിപ്പേർ വിവിധ പരീക്ഷണങ്ങൾ നടത്തിയ വിജയ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ലോക്ക് ഡൗൺ സമയത്തെ കൃഷിയുടെ വിജയ കഥയാണ് ഈ ദമ്പതികൾക്ക് പറയാനുള്ളത്. പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററായ റ്റൈറ്റസും പോളിടെക്‌നിക് കോളേജ് സീനിയർ അദ്ധ്യാപികയുമായ ഭാര്യ സെലിനും ലോക്ക് ഡൗൺ കാലം മാറ്റി വെച്ചത് കൃഷിക്കായാണ്. മൂന്നു മാസം കൊണ്ട് എല്ലാ നെൽച്ചെടികളും കതിരണിഞ്ഞതോടെ ഇവരുടെ സന്തോഷം ഇരട്ടിയായി. നെൽകൃഷിക്കൊപ്പം ടെറസിൽ പച്ചക്കറികളും ഈ ദമ്പതികൾ കൃഷി ചെയ്യുന്നുണ്ട്. ജൈവ വളം മാത്രം ഉപയോഗിച്ചുള്ള കൃഷി രീതിയിൽ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ലഭിക്കുന്നതായി ഇരുവരും പറഞ്ഞു. നെൽകൃഷിയിലും വ്യത്യസ്തത കാണാനാകും. കാലിയായ വെള്ളത്തിന്റെ കുപ്പികൾ ശേഖരിച്ചു കുറുകെ മുറിച്ചു അതിലാണ് ഈ വിസ്മയ നെൽപ്പാടം കതിരണിയിച്ചിരിക്കുന്നത്. ഇതോടൊപ്പം അലങ്കാര മത്സ്യകൃഷിയും ചെറുതേൻ കൃഷിയും ഈ ദമ്പതികൾ നടത്തുന്നുണ്ട്.
ചിത്രം:മനോജ്.