പൊൻകുന്നം: ഇളങ്ങുളം നെയ്യാട്ടുശേരിയിൽ ഇടഞ്ഞ ആന നാടിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയത് ഒരു പകലും രാത്രിയുമാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. പൊൻകുന്നം ഇളങ്ങുളം നെയ്യാട്ടുശേരിയിൽ തടി പിടിക്കുന്നതിനായി എത്തിച്ച ശിവസുന്ദർ എന്ന ആനയാണ് ഇടഞ്ഞത്. നാട് മുഴുവൻ പരിഭ്രാന്തി പരത്തി ഇടഞ്ഞോടിയ ആന വൈദ്യുത പോസ്റ്റും നിരവധി വാഹനങ്ങളും തകർത്തു. രാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ വയലുങ്കപ്പടിക്ക് അടുത്തുള്ള പറമ്പിൽ വെച്ച് ആനയെ തളയ്ക്കാൻ സാധിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ആനയെ കണ്ടെത്തി തളയ്ക്കാനായത്. കൃഷിയിടങ്ങളിലൂടെ ഇടഞ്ഞോടിയ ആന നിരവധി കൃഷികളും നശിപ്പിച്ചു.