കാഞ്ഞിരപ്പള്ളിയുടെ ജീവനാഡിയായ ചിറ്റാർപുഴ വീണ്ടും മാലിന്യവാഹിനിയാകുന്നു.


 കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ ജീവനാഡിയായ ചിറ്റാർപുഴ വീണ്ടും മാലിന്യവാഹിനിയാകുന്നു. പുഴയിലേക്ക് വീണ്ടും മാലിന്യ നിക്ഷേപം ആരംഭിച്ചതോടെ ചിറ്റാർ പുഴ മലിനമായിത്തുടങ്ങി. നിരവധി ഒഴുക്കുകുറഞ്ഞ ഭാഗങ്ങളിൽ മാലിന്യങ്ങൾ തങ്ങിക്കിടക്കുകയാണ്. മാലിന്യവും, മണ്ണുമടിഞ്ഞ് അന്ത്യശ്വാസം വലിച്ചുകൊണ്ടിരുന്ന ചിറ്റാർപുഴയുടെ വീണ്ടെടുപ്പിനായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും, ഹരിതകേരളം മിഷനും, വിവിധ സർക്കാർ വകുപ്പുകൾ, രാഷ്ട്രീയ, സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്ന് രൂപം നൽകിയ ചിറ്റാർ പുനർജനി മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ആഹ്വാന പ്രകാരം ചിറ്റാർ പുഴ ശുചീകരണ -സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 

    എന്നാൽ ഇപ്പോൾ പ്രവർത്തനങ്ങളുടെ ചൂട് മാറിയതോടെ ചിറ്റാർ പുഴ വീണ്ടും മാലിന്യവാഹിനിയായി ഒഴുകിത്തുടങ്ങുകയാണ്. പുഴയിലും, കൈത്തോടുകളിലും, പൊതു സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും എന്ന് പ്രസ്താവിച്ചെങ്കിലും ഇപ്പോൾ എല്ലാം ചൂടാറിയമട്ടിലാണ് എന്നതിന്റെ തെളിവാണ് ചിറ്റാർ പുഴയിൽ വീണ്ടും മാലിന്യങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. സ്ത്രീകളടക്കമുള്ള ഇരുനൂറ്റിയൻപതോളം സന്നദ്ധ പ്രവർത്തകരും രണ്ട് ഹിറ്റാച്ചി ഉൾപ്പെടെയുള്ള യന്ത്രങ്ങളുടെയും സഹായത്തോടെയാണ് അന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. അധികാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ കാഞ്ഞിരപ്പള്ളിയുടെ ജീവനാഡിയായ ചിറ്റാർപുഴ വീണ്ടും മാലിന്യത്തിലേക്ക് ആഴ്ന്നിറങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.

ചിത്രം:റിയാസ്.