കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലും വൈക്കത്തും മൃഗാശുപത്രികളുടെ സേവനം ഇനി 24 മണിക്കൂറും ലഭ്യമാകും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ശോഭനം 2020 പദ്ധതി പ്രകാരമാണ് കാഞ്ഞിരപ്പള്ളിയിലും വൈക്കത്തും മൃഗാശുപത്രികൾ ഇനി 24 മണിക്കൂറും പ്രവർത്തിക്കുന്നത്. ജില്ലയിൽ 2 മൃഗാശുപത്രികളാണ് ഇത്തരത്തിൽ പ്രവർത്തനസജ്ജമാകുന്നത്. സംസ്ഥാനത്ത് മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമാകുന്ന മൃഗാശുപത്രികളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 5 നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്കിലും വൈക്കം മൃഗാശുപത്രിയിലുമാണ് ഇനി രാത്രിയും പകലും മൃഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുക. വൈക്കം മൃഗാശുപത്രിയില്‍ സി.കെ.ആശ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. കാഞ്ഞിപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്കില്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും.