പാലാ: കേരളാ കോണ്‍ഗ്രസ്സ് (എം) നെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയാക്കാനുള്ള എല്‍.ഡി.എഫ് യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ മാണി. കെ.എം മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും ആ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നുനിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എല്‍.ഡി.എഫ് തീരുമാനമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. എല്‍.ഡി.എഫ് തീരുമാനം വന്‍രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കും എന്നും അദ്ദേഹം പ്രതികരിച്ചു. മാണി സാര്‍ കെട്ടിപ്പടുക്കുകയും 38 വര്‍ഷം കാത്തുസംരക്ഷിക്കുകയും ചെയ്ത യു.ഡി.എഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ്സ് (എം) നെ പടിയടച്ച് പുറത്താക്കിയവര്‍ക്കുള്ള കനത്തപ്രഹരം കൂടിയാണ് ഈ തീരുമാനം എന്നും ജോസ് കെ മാണി പറഞ്ഞു.