കോട്ടയം: കേരളാ കോൺഗ്രസ്സ് എം ജോസ് കെ മാണി വിഭാഗം എൽ ഡി എഫിലേക്ക് പോയതോടെ തോമസ് ചാഴിക്കാടനും ജയരാജനും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സമരം നാളെ നടത്തും. കോട്ടയം ജില്ലയിലെ 5000 കേന്ദ്രങ്ങളിൽ ജന വഞ്ചനയ്‌ക്കെതിരെ കോട്ടയം ഡി സി സി ജനകീയ വിചാരണ സമരം നടത്തും. തോമസ് ചാഴികാടൻ എം പി സ്ഥാനവും എൻ ജയരാജ് എം എൽ എ സ്ഥാനവും രാജി വയ്ക്കാത്ത ജന വഞ്ചനയാണെന്നു ഇന്നലെ നടന്ന ഡി സി സി നേതൃയോഗം വിലയിരുത്തി. നാളെ രാവിലെ 11 മണിക്ക് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ജനകീയ വിചാരണ സമരം ജില്ലാതല ഉത്‌ഘാടനം ഗാന്ധി സ്ക്വയറിൽ നിർവ്വഹിക്കും. വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.